Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (03-02-2021)

February 3, 2021
0 minutes Read

ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ച് ആര്‍. ബാലശങ്കര്‍

ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ച് ആര്‍. ബാലശങ്കര്‍. മത്സരിക്കുന്നെങ്കില്‍ ചെങ്ങന്നൂരില്‍ മത്സരിക്കും. മറ്റു മണ്ഡലങ്ങളിലെവിടെയും മത്സരിക്കാനില്ലെന്നും ബാലശങ്കര്‍ ട്വന്റിഫോറിനോട് പറഞ്ഞു.

പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ന് ലോക്‌സഭാംഗത്വം രാജിവയ്ക്കും

മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ന് ലോക്‌സഭാംഗത്വം രാജിവയ്ക്കും. ഡല്‍ഹിയിലെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടി ഉടന്‍ രാജി സമര്‍പ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് പി.കെ. കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവയ്ക്കുന്നത്. ഇന്നലെ പാണക്കാട് ചേര്‍ന്ന യോഗത്തിലും പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുത്തിരുന്നു.

സി.പി. ജോണ്‍ മലപ്പുറം ജില്ലയില്‍ നിന്ന് മത്സരിച്ചേക്കും; വള്ളിക്കുന്ന് സീറ്റിന് സാധ്യത

സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ മലപ്പുറം ജില്ലയില്‍ നിന്ന് മത്സരിച്ചേക്കും. മുസ്ലീംലീഗ് സി.പി. ജോണിനായി സീറ്റ് വിട്ടുനല്‍കിയേക്കും. വള്ളിക്കുന്ന് സീറ്റില്‍ മത്സരിക്കാനാണ് സാധ്യത. അതേസമയം, മലപ്പുറത്ത് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ തള്ളാതെ സി.പി.ജോണ്‍ രംഗത്ത് എത്തി. എം.വി. രാഘവന് മുസ്ലീംലീഗ് സീറ്റ് വിട്ടുനല്‍കിയ ചരിത്രം ആവര്‍ത്തിക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് സി.പി. ജോണ്‍ ട്വന്റിഫോറിനോട് പറഞ്ഞു.

സംസ്ഥാനത്ത് വീണ്ടും വാഹന പരിശോധന കര്‍ശനമാക്കി

സംസ്ഥാനത്ത് വീണ്ടും വാഹന പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പും പൊലീസും. റോഡ് സുരക്ഷാചരണ മാസത്തില്‍ പ്രത്യേക നിരീക്ഷണം നടത്താനുള്ള കേരള റോഡ് സുരക്ഷ അതോറിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണു തീരുമാനം.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ഇന്ന് കേരളത്തില്‍

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ഇന്ന് കേരളത്തില്‍ എത്തും. തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന നദ്ദ വ്യാഴാഴ്ച്ച തൃശൂരിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ദേശീയ അധ്യക്ഷന്‍ പങ്കെടുക്കുന്ന ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗവും, എന്‍ഡിഎ മുന്നണി യോഗവും ഇന്ന് തിരുവനന്തപുരത്ത് നടക്കും.

കര്‍ഷക സമരത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിപക്ഷ പ്രതിഷേധം പാര്‍ലമെന്റില്‍ ഇന്നും തുടരും

പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്നും കര്‍ഷക സമരത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിപക്ഷ പ്രതിഷേധം തുടരും. കാര്യപരിപാടിയിലെ പ്രധാന ഇനമായ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മുന്‍പ് കര്‍ഷക സമരത്തില്‍ സഭയില്‍ ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുക. ഇന്നലെ ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം രംഗത്ത് എത്തിയതോടെ രണ്ട് സഭകളും പ്രക്ഷുബ്ദമാകുകയായിരുന്നു.

ഡോളര്‍ കടത്ത് കേസ്; എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ എം. ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സിജെഎം കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. ഡോളര്‍ കടത്തുമായി തനിക്ക് പങ്കില്ലെന്നും തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ ആയിട്ടില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top