കോൺഗ്രസിന്റെ സംഘപരിവാർ മനസിന്റെ തെളിവാണ് കെ സുധാകരന്റെ പ്രസ്താവന : ഡിവൈഎഫ്ഐ

മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമർശത്തിൽ കെ സുധാകരൻ എംപിക്കെതിരെ ഡിവൈഎഫ്ഐ.
കോൺഗ്രസിന്റെ സംഘപരിവാർ മനസിന്റെ തെളിവാണ് കെ സുധാകരന്റെ പ്രസ്താവനയെന്ന് ഡിവൈഎഫ്ഐ പറഞ്ഞു.
ആധുനിക സമൂഹത്തിൽ ആരും പറയാത്ത ആക്ഷേപമാണ് മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നടത്തിയത്. ചെത്തുകാരന്റെ മകനെന്നത് മുഖ്യമന്ത്രിയാകാനുള്ള അയോഗ്യതയായി കോൺഗ്രസ് കാണുന്നുണ്ടോയെന്ന് ഡിവൈഎഫ്ഐ ചോദിച്ചു.
എല്ലാതൊഴിലിനും മാന്യതയുണ്ട്, അതുമനസിലാക്കാൻ മനുസ്മൃതി പഠിച്ചാൽപോരാ. വിഷം വമിക്കുന്ന ജാതിബോധമാണ് കോൺഗ്രസിന്. കെ.സുധാകരന്റെ വ്യക്തിപരമായ ജൽപനമായി ഇതിനെ ചുരുക്കേണ്ടതില്ലെന്നും ഡിവൈഎഫ്ഐ പറഞ്ഞു.
നേരത്തെ വിവാദ പരാമർശത്തിൽ ന്യായീകരണവുമായി കെ.സുധാകരൻ എംപി രംഗത്തെത്തിയിരുന്നു. ഒരു തൊഴിൽ വിഭാഗത്തെക്കുറിച്ച് പറഞ്ഞാൽ അതിൽ എന്താണ് അപമാനം. അതിൽ എന്താണ് തെറ്റ്. തൊഴിലാളി വർഗത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ബാധ്യതപ്പെട്ടയാൾ സംസ്ഥാനത്തിന്റെ പൊതുഫണ്ട് ദുർവിനിയോഗം ചെയ്യുന്നു. ഹെലികോപ്റ്ററിൽ യാത്ര ചെയ്യുന്നതിനായി 18 കോടി ചെലവഴിച്ചു. ഇത് ഒരു കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതാണോ എന്ന് ജനങ്ങൾ ചിന്തിക്കണം. ഇക്കാര്യമാണ് താൻ ഉന്നയിച്ചതെന്നാണ് കെ. സുധാകരൻ എംപി ഡൽഹിയിൽ പറഞ്ഞത്.
Story Highlights – dyfi against k sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here