‘ഡിണ്ട അക്കാദമി ഓഫ് പേസ് ബൗളിംഗ്’ ഇപ്പോൾ തന്നെ പ്രശസ്തം’; ആ പേരിൽ അക്കാദമി തുടങ്ങുമെന്ന് താരം

ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഗെയിമിൽ നിന്ന് പൂർണ്ണമായി മാറിനിൽക്കില്ലെന്ന് ബംഗാൾ പേസർ അശോക് ഡിണ്ട. പേസ് ബൗളിംഗ് അക്കാദമി തുടങ്ങാൻ പദ്ധതിയുണ്ടെന്നാണ് ഡിണ്ട അറിയിച്ചിരിക്കുന്നത്. ട്രോളുകളിലൂടെ ഡിണ്ട അക്കാദമി ഓഫ് പേസ് ബൗളിംഗ് ഇപ്പോൾ തന്നെ പ്രശസ്തമാണെന്നും ആ പേരിൽ തന്നെ അക്കാദമി തുടങ്ങുമെന്നും താരം സ്പോർട്സ്കീഡയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
Read Also : അശോക് ഡിണ്ട ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
“ഞാൻ ക്രിക്കറ്റ് വിട്ടെങ്കിലും ഈ ഗെയിം എന്നിൽ എപ്പോഴും ഉണ്ടാവും. ഇപ്പോൾ ഞാൻ ഇത് ആസ്വദിക്കും. കഴിഞ്ഞ വർഷങ്ങളിൽ ഒരുപാട് സമ്മർദ്ദം ഞാൻ അനുഭവിച്ചിട്ടുണ്ട്. ഇപ്പോൾ തലവേദനയില്ല. അതുകൊണ്ട് ഞാൻ ഇനി ഇത് ആസ്വദിക്കും. മാത്രമല്ല, ‘ഡിണ്ട അക്കാദമി ഓഫ് പേസ് ബൗളിംഗ്’ എന്ന പേരിൽ ഒരു സമൂഹമാധ്യമ പേജ് ഇപ്പോൾ നിലവിലുണ്ട്. അതുകൊണ്ട് തന്നെ ആ പേരിൽ ഒരു അക്കാദമി തുടങ്ങിയാൽ എന്താണ് പ്രശ്നം എന്നാണ് ഞാൻ ചിന്തിക്കുന്നത്. ആ പേര് ഇപ്പോഴേ പ്രശസ്തമാണ്. അതിനാൽ, ഡിണ്ട അക്കാദമി തുടങ്ങാൻ പദ്ധതിയുണ്ട്. കുട്ടികൾക്ക് വന്ന് ക്രിക്കറ്റ് പഠിക്കുന്ന ഒരു അക്കാദമിയാവും. എല്ലാ സൗകര്യങ്ങളും അവർക്ക് ഉണ്ടാവും. 24 മണിക്കൂറും സേവനം ഉണ്ടാവും. ഇതുവരെ ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല. എങ്കിലും വിരമിക്കലിനു ശേഷമുള്ള പദ്ധതികളിൽ ഒന്നാണ് ഇത്. വരും മാസങ്ങളിൽ ഇതേപ്പറ്റി എല്ലാവരും അറിയും.”- താരം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഡിണ്ട വിരമിക്കൽ പ്രഖ്യാപിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ ബൗളർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന താരം 15 വർഷത്തോളം നീണ്ട കരിയറിനാണ് സമാപ്തി കുറിച്ചത്. ഐപിഎലിലും ഇന്ത്യക്കായി രാജ്യാന്തര മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്.
Story Highlights – Ashok Dinda Planning To Open Sports Academy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here