ഉണ്ട ചോറിന് നന്ദിയെന്ന് ഷാൻ; കതിര് കാക്കുന്ന കർഷകർക്കൊപ്പമെന്ന് സലിം കുമാർ; കർഷകർക്ക് പിന്തുണയുമായി മലയാളി താരങ്ങളും

കർഷക സമരത്തെ പിന്തുണച്ച് മലയാളി താരങ്ങളും രംഗത്ത്. സംഗീത രംഗത്ത് നിന്ന് ഷാൻ റഹ്മാനും, ഷഹബാസ് അമനും അഭിനയ രംഗത്ത് നിന്ന് സലിം കുമാർ, സജിത മഠത്തിൽ തുടങ്ങിയവരാണ് കർശക സമരത്തെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഉണ്ട ചോറിന് നന്ദിയെന്നാണ് ഷാൻ റഹ്മാൻ കുറിച്ചത്.
എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പമെന്നാണ് സലിം കുമാർ പോസ്റ്റ് ചെയ്തത്.
സലിംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
അമേരിക്കയിൽ വർഗ്ഗീയതയുടെ പേരിൽ ഒരു വെളുത്തവൻ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോർജ് ഫ്ലോയിഡിന്റെ ദയനീയ ചിത്രം, മനസ്സാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവന്റെയും ഉള്ളു പിടയ്ക്കുന്നതായിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ വർഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. ആക്കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാൽ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്റെ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം എന്നും പറഞ്ഞില്ല.
പകരം ലോകപ്രതിഷേധത്തെ അവർ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അത് കൂടാതെ, അമേരിക്കൻ പോലീസ് മേധാവി മുട്ടുകാലിൽ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മൾ കണ്ടു.
അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടത്.
പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകൾ ഇല്ല, രാഷ്ട്രിയ വരമ്പുകളില്ല, വർഗ്ഗ വരമ്പുകളില്ല, വർണ്ണ വരമ്പുകളില്ല.
എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം.#IStandwithFarmers
വിത്ത് ഇന്ത്യൻ ഫാമേഴ്സ് എന്നായിരുന്നു ഷഹബാസ് അമന്റെ പോസ്റ്റ്.
തന്റെ ഫേസ്ബുക്ക് കവർ ചിത്രം തന്നെ കർഷക സമരത്തിന്റേത് ആക്കിയിരിക്കുകയാണ് സജിത മഠത്തിൽ.
Story Highlights – mollywood film industry supports farmers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here