ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന കേസ്; കൊമേഡിയൻ മുനവ്വർ ഫാറൂഖിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രിം കോടതി പരിഗണിക്കും

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അവഹേളിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്ത സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവ്വർ ഫാറൂഖിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. പരിപാടിയിൽ ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ജനുവരി രണ്ടിനാണ് ബി.ജെ.പി എം.എൽ.എ മാലിനി ഗൗറിന്റെ മകൻ ഏകലവ്യ സിംഗ് ഗൗറിന്റെ പരാതിയിൽ മുനവർ ഫാറൂഖി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലാകുന്നത്. പ്രാദേശിക കോടതി ഇവരെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിടുകയും മദ്ധ്യപ്രദേശ് ഹൈക്കോടതി ജാമ്യം നിഷേധിക്കയും ചെയ്തതോടെയാണ് മുനവ്വർ സുപ്രിംകോടതിയെ സമീപിച്ചത്.
ജനുവരി 2നാണ് ഗുജറാത്ത് സ്വദേശിയായ മുനവർ ഫാറൂഖി ഉൾപ്പടെ അഞ്ച് പേരെ ഇൻഡോർ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി ഒന്നിന് ഇൻഡോറിലെ ഒരു കഫേയിൽ വച്ച് നടത്തിയ പരിപാടിയിൽ വച്ച് ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും അപമാനിച്ചു എന്നായിരുന്നു പരാതി.
Read Also : ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന കേസ്; കൊമേഡിയൻ മുനവ്വർ ഫാറൂഖിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി
അതേസമയം, ഫാറൂഖി മതവികാരം വ്രണപ്പെടുത്തി എന്ന പരാതി തെളിയിക്കുന്ന വിഡിയോ ദൃശ്യങ്ങൾ ഇല്ലെന്ന് ഇൻഡോർ ടൗൺ ഇൻസ്പെക്ടർ കമലേഷ് ശർമ പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.
ഫാറൂഖി നിരന്തരം ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു എന്ന് കേട്ടിരുന്നു. അതുകൊണ്ടാണ് ടിക്കറ്റെടുത്ത് കയറിയതെന്നും പരിപാടിയിൽ ഫാറൂഖി ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും അധിക്ഷേപിച്ചു എന്നുമാണ് അറസ്റ്റിനു പിന്നാലെ ഏകലവ്യ ഗൗർ പ്രതികരിച്ചത്.
Story Highlights – Supreme Court will hear the bail application of comedian Munawar Faruqui today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here