ഝാർഖണ്ഡിലുള്ള റിഹാന്നയുടെ കമ്പനിയിൽ ബാലവേല: പരാതിയുമായി എൻജിഓ

കർഷക സമരത്തിനു പിന്തുണ അർപ്പിച്ച പോപ് ഗായിക റിഹാന്നയുടെ സ്കിൻകെയർ ബ്രാൻഡിനെതിരെ പരാതിയുമായി എൻജിഓ. റിഹാന്നയുടെ കമ്പനിയിൽ ബാലവേല നടക്കുന്നുണ്ടെന്നാണ് പരാതി. നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് എന്ന എൻജിഓ ആണ് ഝാർഖണ്ഡിലുള്ള ഫെൻ്റി ബ്യൂട്ടി എന്ന കമ്പനിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. വിഷയത്തിൽ അന്വേഷണം നടത്തണമെന്നാണ് എൻജിഓയുടെ ആവശ്യം.
നാം എന്തുകൊണ്ടാണ് ഇതിനെ കുറിച്ച് സംസാരിക്കാത്തത് എന്ന ചോദ്യം തലക്കെട്ടായി നൽകിയാണ് റിഹാന്ന കർഷക സമരത്തിൻ്റെ ചിത്രം പങ്കുവച്ചത്. കർഷക സമരത്തെ തുടർന്ന് ഡൽഹിയിൽ ഇന്റർനെറ്റ് സേവനം നിർത്തലാക്കിയെന്ന വാർത്തയും ഒപ്പമുള്ള ചിത്രവും അടക്കമായിരുന്നു ട്വീറ്റ്. 100 മില്യണിലേറെ ഫോളോവേഴ്സുള്ള റിഹാന്നയുടെ ഈ ട്വീറ്റിന് വലിയ പ്രതികരണമാണ് ഉണ്ടായത്. ഇതിനു പിന്നാലെ ആക്ടിവിസ്റ്റ് ഗ്രെറ്റ തുൻബർഗ്, മുൻ പോൺ താരം മിയ ഖലീഫ, അമേരിക്കൻ വൈസ് പ്രസിഡൻ്റ് കമല ഹാരിസിൻ്റെ അനന്തരവൾ മീന ഹാരിസ്, അമേരിക്കൻ വ്ലോഗർ അലാൻഡ കെർണി, യൂട്യൂബർ ലിലി സിംഗ് തുടങ്ങിയവർ പിന്നീട് കർഷകരെ അനുകൂലിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ റിഹാന്നയ്ക്കും ഗ്രെറ്റക്കുമെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്.
Read Also : ആവശ്യങ്ങൾ അംഗീകരിക്കാതെ മടങ്ങില്ല: കർഷക നേതാവ് രാകേഷ് ടിക്കായത്ത്
ഇതിനു പിന്നാലെ കേന്ദ്ര സർക്കാരിനെ അനുകൂലിച്ച് കായിക താരങ്ങളും സിനിമാ പ്രവർത്തകരും രംഗത്തെത്തിയിരുന്നു. സച്ചിൻ തെണ്ടുൽക്കറും വിരാട് കോലിയും അടക്കമുള്ള ക്രിക്കറ്റ് താരങ്ങളും ബാഡ്മിൻ്റൺ താരം സെയ്ന നെഹ്‌വാളും അക്ഷയ് കുമാറും അജയ് ദേവ്ഗണും അടക്കമുള്ള ബോളിവുഡ് സിനിമാ പ്രവർത്തകരുമൊക്കെ കേന്ദ്രത്തെ അനുകൂലിച്ച് രംഗത്തെത്തി. ഇന്ത്യ ടുഗദർ, ഇന്ത്യ എഗൈൻസ്റ്റ് പ്രോപ്പഗണ്ട എന്നീ ഹാഷ്ടാഗുകൾ അടക്കമാണ് ട്വീറ്റ്.
Story Highlights – NGO files complaint accusing Rihanna’s brand of ’employing child labour’ in Jharkhand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here