പരിശീലന മത്സരത്തിൽ നിരാശപ്പെടുത്തി; അർജുൻ തെണ്ടുൽക്കർ വിജയ് ഹസാരെ ടീമിൽ കളിച്ചേക്കില്ല

മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കറിന് വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിൽ ഇടം ലഭിച്ചേക്കില്ല. പരിശീലന മത്സരത്തിൽ നിരാശപ്പെടുത്തിയ താരത്തെ അവസാന സ്ക്വാഡിലേക്ക് പരിഗണിച്ചേക്കില്ല. ഈ സീസണിൽ മുംബൈക്കായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ ആഭ്യന്തര മത്സരങ്ങളിൽ അരങ്ങേറിയ താരം ഐപിഎൽ ലേലത്തിൽ രജിസ്റ്റർ ചെയ്തിരുന്നു.
പരിശീലന മത്സരത്തിൽ പന്തെറിഞ്ഞ അർജുൻ 4.1 ഓവറിൽ 53 റൺസാണ് വഴങ്ങിയത്. വിക്കറ്റൊന്നും നേടാനും താരത്തിനു കഴിഞ്ഞില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ഇടംകയ്യൻ പേസ് ബോളറായ അർജുൻ്റെ പ്രകടനം മോശമായിരുന്നു.
Read Also : വിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 20 മുതൽ ആരംഭിക്കും; കേരളം ഗ്രൂപ്പ് സിയിൽ
വിജയ് ഹസാരെ ട്രോഫി ഈ മാസം 20 മുതൽ ആരംഭിക്കും. മാർച്ച് 14നാണ് ഫൈനൽ. 6 നഗരങ്ങളിലായി നടക്കുന്ന ടൂർണമെൻ്റിനായി താരങ്ങൾ വരുന്ന 13ആം തീയതി ബയോ ബബിളിൽ പ്രവേശിക്കണം. ഇക്കാലയളവിൽ താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും മൂന്ന് തവണ കൊവിഡ് പരിശോധന നടത്തും.
സൂററ്റ്, ഇൻഡോർ, ബെംഗളൂരു, കൊൽക്കത്ത, ജയ്പൂർ എന്നീ വേദികളെ കൂടാതെ പ്ലേറ്റ് ഗ്രൂപ്പ് ടീമുകൾ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ തങ്ങളുടെ മത്സരങ്ങൾ കളിക്കും.
ഡൽഹി, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, പുതുച്ചേരി എന്നീ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പ് ഡിയിലാണ് മുംബൈ ഉള്ളത്. ജയ്പൂരിലാണ് മത്സരങ്ങൾ.
Story Highlights – Arjun Tendulkar unlikely to be picked in the squad for Vijay Hazare Trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here