കർഷക സമരം എന്തിന് വേണ്ടിയെന്ന് ആരും പറയുന്നില്ല; വിമർശിച്ച് പ്രധാനമന്ത്രി

രാജ്യസഭയിൽ കർഷക സമരത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമരം എന്തിന് വേണ്ടിയെന്ന് ആരും പറയുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൃഷിമന്ത്രി ഉന്നയിച്ച ചോദ്യങ്ങൾക്ക് ആരും മറുപടി പറഞ്ഞില്ല. കാർഷിക നിയമത്തിൽ പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കാം. മുതിർന്ന കർഷകർ സമരം അവസാനിപ്പിച്ച് മടങ്ങണം. കേന്ദ്രസർക്കാർ എന്നും പാവപ്പെട്ടവർക്കൊപ്പമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് ചെറുകിട കർഷകരാണ് കൂടുതലുള്ളത്. പന്ത്രണ്ട് കോടി പേർക്ക് രണ്ട് ഹെക്ടറിന് താഴെ മാത്രമാണ് ഭൂമിയെന്നും പ്രധാനമന്ത്രി പറഞ്ഞു. മുൻ പ്രധാനമന്ത്രിമാരായ എച്ച്. ഡി ദേവഗൗഡ, ചൗധരി ചരൺ സിംഗ് എന്നിവരേയും പ്രധാനമന്ത്രി അനുസ്മരിച്ചു. കർഷകർക്ക് വേണ്ടി സ്വയം സമർപ്പിച്ച വ്യക്തിയാണ് ദേവഗൗഡയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെറുകിട കർഷകർക്ക് വേണ്ടിയാണ് ചരൺ സിംഗ് ചിന്തിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കൊവിഡ് മഹാമാരിക്കെതിരെ ഇന്ത്യ ശക്തമായാണ് പോരാടിയത്. കൊവിഡ് കാലത്ത് രാജ്യങ്ങൾക്കും കുടുംബങ്ങൾക്കും പരസ്പരം സഹായിക്കാൻ പോലും കഴിയാത്ത സാഹചര്യം ഉണ്ടായി. ഇന്ത്യയിൽ കൊവിഡ് കാലത്ത് എന്ത് സംഭവിക്കുമെന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ മഹാമാരിക്കെതിരെ പോരാടി നിൽക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Story Highlights – Narendra modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here