കേരള കോൺഗ്രസ് മത്സരിക്കുന്ന ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

കേരള കോൺഗ്രസ് മത്സരിക്കുന്ന ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് സൂചന. കോൺഗ്രസ് നേരിട്ട് മത്സരിച്ചാൽ മണ്ഡലം പിടിച്ചെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിന്റെ അടിസ്ഥാനത്തിലാണ് നീക്കമെന്നാണ് വിവരം.
കേരള കോൺഗ്രസിൽ നിന്ന് ജോസ് കെ മാണി പക്ഷം വിട്ടുപോയത് ചൂണ്ടിക്കാട്ടി ഏറ്റുമാനൂർ മണ്ഡലം പിടിച്ചെടുത്ത് മത്സരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. കോൺഗ്രസ് നേരിട്ട് മത്സരിച്ചാൽ വിജയിക്കാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. മഹിളാ കോൺഗ്രസ് നേതാവ് ലതികാ സുഭാഷ്, ഡിസിസി വൈസ് പ്രസിഡന്റ് ജി ഗോപകുമാർ എന്നിവരുടെ പേരുകളാണ് മണ്ഡലത്തിൽ ഉയർന്നു കേൾക്കുന്നത്. ഏറ്റുമാനൂർ മണ്ഡലത്തിന്റെ കീഴിൽ വരുന്ന കുമരകം, തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകളിൽ അടക്കം ഇടത് ഭരണമാണ് നിലവിലുള്ളത്. ഈ മൂന്നിടങ്ങളിലും ജി. ഗോപകുമാറിന് സ്വാധീനമുണ്ട്. ഇത് തെരഞ്ഞെടുപ്പിൽ ഫലം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. നിലവിൽ സിപിഐഎമ്മിലെ സുരേഷ് കുറുപ്പാണ് ഏറ്റുമാനൂരിൽ നിന്നുള്ള നിയമസഭാംഗം.
അതേസമയം, സീറ്റ് വിട്ട് നൽകാൻ കഴിയില്ലെന്നാണ് കേരള കോൺഗ്രസ് ജോസഫ് പക്ഷത്തിന്റെ നിലപാട്. സീറ്റിനെ ചൊല്ലി കേരള കോൺഗ്രസിന്റെ കടുംപിടുത്തം തുടരുകയാണ്. ഏറ്റുമാനൂർ സീറ്റിനെ ചൊല്ലിയുള്ള തർക്കം യുഡിഎഫിന് കൂടുതൽ തലവേദനയായേക്കാം.
Story Highlights – Ettumanoor, P J Joseph, Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here