പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നത് ഒഴിവിന്റെ അഞ്ചിരട്ടി; എല്ലാവർക്കും നിയമനം ഉണ്ടാകുന്നത് അപ്രായോഗികം : മുഖ്യമന്ത്രി

സംസ്ഥാനത്ത് പിഎസ്‌സി ലിസ്റ്റ് വരുന്നത് ഒഴിവുകളെക്കാൾ അഞ്ചിരട്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവർക്കും നിയമനം ഉണ്ടാകുന്നത് അപ്രായോഗികമാണ്. നിയമനത്തിന് സർക്കാരിന് ചെയ്യാൻ കഴിയുന്നത് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുക എന്നതാണെന്നും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒഴിവ് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് അധ്യക്ഷന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
സീനിയോറിറ്റി തർക്കം നിലനിൽക്കുന്നതിൽ താത്കാലിക പ്രമോഷൻ നടത്തി. പിഎസ്‌സിയിൽ നിലവിൽ എട്ട് അംഗങ്ങളുടെ ഒഴിവുകളുണ്ട്. ഈ തസ്തികകളിലേക്കുള്ള നിയമനത്തിന് ശുപാർശ നൽകി. പി എസ് സി നിയമനങ്ങൾ സുതാര്യമായി നടത്തും
10 വർഷം തുടർച്ചയായി ജോലി ചെയ്യുന്ന ചിലരെ കൂടി സ്ഥിരപ്പെടുത്തും. ഏകാധ്യാപക വിദ്യാലയങ്ങളിലെ വിദ്യ വോളണ്ടിയർമാരെ സ്ഥിരപ്പെടുത്തും. പിഎസ്‌സിക്ക് വിട്ടിട്ടില്ലാത്ത 10 വർഷം ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തുന്നത്. ഏതെങ്കിലും തരത്തിലുള്ള പ്രത്യേക പരിഗണന ഇക്കാര്യത്തിൽ ഇല്ല. മനുഷ്യത്വപരമായ നടപടിയാണ് ഇതെന്നും ഒരു രാഷ്ട്രീയ പരിഗണനയും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ വന്നതിൽ പിന്നെ 27000 സ്ഥിരം തസ്തിക സൃഷ്ടിച്ചു. നിലവിൽ ഉള്ളതിനേക്കാൾ തസ്തികകൾ സൃഷ്ടിച്ചു. 157911 പേർക്ക് പിഎസ്‌സി വഴി ഈ സർക്കാർ നിയമനം നൽകി. 4012 റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
528231 ജീവനക്കാർ നിലവിലുണ്ട്. ഒരു വർഷം സർക്കാർ സർവീസിൽ നൽകാൻ ആകുന്നത് ഏകദേശം 25000 നിയമനങ്ങളാണ്. എല്ലാവർക്കും ജോലി ലഭിക്കില്ല. കഴിയാവുന്നതിൽ പരമാവധി സർക്കാർ ചെയ്തു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ തെറ്റായ നടപടി എൽഡിഎഫ് തിരുത്തി. 5910 താൽക്കാലിക ജീവനക്കാരെ യുഡിഎഫ് സർക്കാർ സ്ഥിരപ്പെടുത്തി.
എല്ലാവർക്കും നിയമനം ഉണ്ടാകുന്നത് അപ്രായോഗികമാണ്. അഭ്യസ്തവിദ്യർക്ക് തൊഴിൽ വേണമെന്നത് ശരിയാണെന്നും എന്നാൽ അതിനുഅനുസരിച്ച് തൊഴിൽ നൽകാൻ ആകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. എന്നാൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലും ഒഴിവുകൾ നികത്തുന്നില്ല. അതിന്റെ സമ്മർദവും നിലനിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – everyone wont get job says cm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here