കൊവിഡ് വാക്സിൻ വിതരണം അവസാനിച്ചാൽ പൗരത്വ നിയമഭേദഗതി നടപ്പിലാക്കും: അമിത് ഷാ

കൊവിഡ് വാക്സിൻ വിതരണം അവസാനിച്ചാൽ പൗരത്വ നിയമഭേദഗതി നടപ്പിലാക്കും എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെ ഹിന്ദു കുടിയേറ്റക്കാർക്ക് നൽകുന്ന ഉറപ്പാണ് ഇതെന്നും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പിനു മുന്നോടിയായി പശ്ചിമ ബംഗാളിലെ താക്കൂർനഗറിൽ സംഘടിപ്പിച്ച റാലിക്കിടെയാണ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
“വാക്സിൻ വിതരണം പൂർത്തിയാക്കുന്നതോടെ നമ്മുടെ രാജ്യം കൊവിഡ് മുക്തമാകും, അതിന് ശേഷം പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. പൗരത്വ ഭേഗഗതി ആക്ട് പാർലമെൻറിൻറെ നിയമമാണ്. എങ്ങിനെയാണ് നിങ്ങൾക്ക് അതിനെ പ്രതിരോധിക്കാനാവുന്നത്? നിങ്ങൾക്ക് അതിനെ തടയാനുള്ള അധികാരവുമില്ല. ഇത് ഒരു വ്യാജ വാഗ്ധാനമാണെന്ന് മമത പറയും. അവർ സിഎഎയെ എതിർക്കാൻ ആരംഭിച്ചിട്ടുണ്ട്. അതൊരിക്കലും അനുവദിക്കില്ലെന്ന് അവർ പറയും. എന്നാൽ, ബിജെപി പറയുന്ന വാക്ക് പാലിക്കും. ഞങ്ങളാണ് ഈ നിയമം കൊണ്ടുവന്നത്. അഭയാർത്ഥികൾക്ക് പൗരത്വം ലഭിക്കും.”- അമിത് ഷാ പറഞ്ഞു.
Read Also : രണ്ട് പേരാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്; മോദിക്കും അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് മമത ബാനർജി
കഴിഞ്ഞ വർഷം ഡിസംബറിലാണ് സിഎഎ നിയമം പാർലമെൻ്റ് പാസാക്കിയത്. നിയമം പാസാക്കി ആറ് മാസത്തിനുള്ളിൽ ചട്ടങ്ങൾ രൂപീകരിക്കണമെന്നതാണ് രീതി. കൊവിഡ് പശ്ചാത്തലത്തിൽ ഇത് മൂന്ന് മാസം കൂടി നീട്ടിയിരുന്നു. കേന്ദ്ര സർക്കാരിന്റെ രണ്ടാമത് നീട്ടിയെടുത്ത സമയത്തിന്റെ കാലാവധി 2021 ജനുവരി മധ്യത്തോടെ അവസാനിച്ചിരുന്നു. ഇതോടെ വീണ്ടും കേന്ദ്രത്തിന് സമയം നീട്ടിനൽകി. ഏപ്രിൽ ഒൻപത് , ജൂലൈ ഒൻപത് എന്നിങ്ങനെയാണ് സമയം നീട്ടിയത്. ലോകസഭയിലെയും രാജ്യസഭയിലെയും സബോർഡനേറ്റ് നിയമ നിർമാണ സമിതിയുടെതാണ് തീരുമാനം.
Story Highlights – CAA Implementation Once Covid Vaccination Ends: Amit Shah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here