തൊഴിൽ തട്ടിപ്പ് കേസ്; അന്വേഷണ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്

സരിത ഉൾപ്പെട്ട തൊഴിൽ തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്. നെയ്യാറ്റിൻകര മുൻ സിഐ ക്കാണ് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പരാതി നൽകി രണ്ടു മാസം പിന്നിട്ടിട്ടും അന്വേഷണം അനിശ്ചിതമായി നീളുന്നതിനു വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം.
സരിത ഉൾപ്പെട്ട തൊഴിൽ തട്ടിപ്പ് കേസിൽ അന്വേഷണം അട്ടിമറിക്കുന്നുവെന്ന പരാതിക്കാരൻറെ ആരോപണത്തിന് പിന്നാലെയാണ് തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുദീൻ കേസിൻറെ അന്വേഷണ പുരോഗതി പരിശോധിച്ചത്. കേസ് ഡയറി പരിശോധിച്ചതിൽ അന്വേഷണം അനിശ്ചിതമായി നീളുന്നുവെന്ന് ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് കേസെടുക്കുന്ന കാലയളവിൽ നെയ്യാറ്റിൻകര സിഐ ആയിരുന്ന ശ്രീകുമാറിന് ഡിഐജി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാത്തതിൻറെ കാരണം എത്രയും വേഗം ബോധിപ്പിക്കാനാണ് നിർദ്ദേശം.
Read Also : സരിത ഉൾപ്പെട്ട നിയമന തട്ടിപ്പിൽ ബെവ്‌കോ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് വിജിലൻസ്
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനൊപ്പം ശ്രീകുമാറിനെ പത്തനംതിട്ട വെച്ചൂച്ചിറയിലേക്ക് മാറ്റിയിരുന്നു. ഇക്കഴിഞ്ഞ നവംബർ 8 നാണ് തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് അരുൺ എന്ന യുവാവിൻറെ പരാതിയിൽ നെയ്യാറ്റിൻകര പൊലീസ് ഷൈജു, രതീഷ് എന്നിവർക്കെതിരെ കേസെടുത്തത്. പിന്നീട് സരിതയെയും പ്രതിചേർത്തെങ്കിലും ആരെയും ചോദ്യം ചെയ്യുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിരുന്നില്ല. നിലവിൽ നെയ്യാറ്റിൻകര സ്റ്റേഷൻറെ ചുമതലയുള്ള സിഐയോട് കേസിലെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ ഡിഐജി നിർദ്ദേശിച്ചിട്ടുണ്ട്.
Story Highlights – Employment fraud case; Show cause notice to the investigating officer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here