സ്ഥാനാര്‍ത്ഥി നിര്‍ണയം; യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും യോഗങ്ങള്‍ ഇന്ന് കൊച്ചിയില്‍

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നിര്‍ണായക യോഗങ്ങള്‍ ഇന്ന് കൊച്ചിയില്‍. എഐസിസി നിയോഗിച്ച 40 അംഗ തെരഞ്ഞെടുപ്പു സമിതിയുടെ ആദ്യ യോഗമാണ് നടക്കുന്നത്. യുഡിഎഫ് രണ്ടാംഘട്ട സീറ്റുവിഭജന ചര്‍ച്ചയ്ക്കും ഇന്ന് തുടക്കമാകും.
ഐശ്വര്യ കേരള യാത്ര കൊച്ചിയില്‍ എത്തുന്നതോടെ സീറ്റ് നിര്‍ണയ ചര്‍ച്ചകളിലേയ്ക്ക് കോണ്‍ഗ്രസ് കടക്കുകയാണ്. എഐസിസി നിയോഗിച്ച സംസ്ഥാന തെരഞ്ഞെടുപ്പു സമിതിയുടെ ആദ്യ യോഗം രാത്രി ഒന്‍പതിന് കൊച്ചിയില്‍ ചേരും. സ്ഥാനാര്‍ത്ഥി നിര്‍ണയം നേരത്തേ വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സമിതി യോഗം. ഗ്രൂപ്പ് താത്പര്യങ്ങള്‍ മാറ്റിവച്ചു വിജയസാധ്യതക്ക് മാത്രം പ്രാധാന്യം നല്കി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കണമെന്നാണ് കോണ്‍ഗ്രസിലെ പൊതുധാരണ. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പരിഗണന നല്‍കണമെന്ന എഐസിസി നിര്‍ദേശവും അംഗീകരിക്കുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് മുന്‍പ് യുഡിഎഫ് സീറ്റു വിഭജനത്തിന്റെ രണ്ടാംഘട്ട ചര്‍ച്ചകളും നടക്കും. പതിവിലും നേരത്തെ സീറ്റുവിഭജനം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. മുസ്ലീംലീഗ്, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കളോട് ചര്ച്ചയ്ക്കെത്താന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പത്തു ദിവസത്തിനകം സീറ്റു വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാല്‍ 12 സീറ്റ് എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന പി.ജെ. ജോസഫിന്റെ നിലപാട് യുഡിഎഫിന് തലവേദനയാണ്.
മുസ്ലീംലീഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാമെന്ന് ധാരണയായെങ്കിലും സീറ്റുകള്‍ വച്ചുമാറുന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. പി.സി. ജോര്‍ജിനെ മുന്നണിയുമായി സഹകരിപ്പിക്കുന്ന കാര്യവും ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. ജോര്‍ജിനെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാമെന്നാണ് നേതാക്കളുടെ അഭിപ്രായം.
Story Highlights – Meetings of UDF and Congress in Kochi today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here