ചങ്ങനാശ്ശേരി സീറ്റിനായി എല്‍ഡിഎഫില്‍ കേരളാ കോണ്‍ഗ്രസും ജനാധിപത്യ കേരളാ കോണ്‍ഗ്രസും രംഗത്ത്

ചങ്ങനാശ്ശേരി സീറ്റിനെ ചൊല്ലി എല്‍ഡിഎഫില്‍ വടംവലി. അവകാശവാദവുമായി ജോസ് കെ മാണിയും ജനാധിപത്യ കേരളാ കോണ്‍ഗ്രസും മണ്ഡലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് മത്സരിച്ചിരുന്ന ചങ്ങനാശ്ശേരി മണ്ഡലം ഏറ്റെടുത്ത് സിപിഐയ്ക്ക് നല്‍കാനാണ് സിപിഐഎം ആലോചന. ഇതിനിടെയാണ് കേരള കോണ്‍ഗ്രസുകള്‍ അവകാശവാദവുമായി രംഗത്ത് എത്തിയത്.

കാഞ്ഞിരപ്പള്ളി കേരളാ കോണ്‍ഗ്രസ് എമ്മിന് കൈമാറുന്നതിന് പകരം സിപിഐക്ക് കോട്ടയം ജില്ലയില്‍ തന്നെ സീറ്റ് നല്‍കേണ്ടതുണ്ട്. മുന്‍ എംഎല്‍എ കല്യാണ കൃഷ്ണന്‍ നായരുടെ മകന്‍ മാധവന്‍ പിള്ള, ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ എന്നിവരെയാണ് സിപിഐ പരിഗണിക്കുന്നത്. ഇതിനിടെ ഈ നീക്കം തടയാന്‍ കേരള കോണ്‍ഗ്രസ് എം രംഗത്തെത്തി. ജോബ് മൈക്കിള്‍ മണ്ഡലത്തില്‍ നടത്തിയ പദയാത്രയില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി തന്നെ നേരിട്ട് പങ്കെടുത്തു.

ഇതോടെ സീറ്റ് വിട്ടുനല്‍കില്ലെന്ന് അറിയിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസും മണ്ഡലത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കഴിഞ്ഞ തവണ മത്സരിച്ച ഡോ കെ സി ജോസഫ് കുടുംബ യോഗങ്ങള്‍ ആരംഭിച്ചു. 2016ല്‍ 1849 വോട്ടുകള്‍ക്കാണ് കെ സി ജോസഫ് പരാജയപ്പെട്ടത്. സി എഫ് തോമസിന്റെ നിര്യാണത്തില്‍ പിന്നാലെ മണ്ഡലത്തില്‍ അനുകൂല സാഹചര്യം ആണെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് അവകാശപ്പെടുന്നു. ജോബ് മൈക്കിളിന് പുറമെ എന്‍എസ്എസുമായി അടുത്ത ബന്ധമുള്ള യൂത്ത് ഫ്രണ്ട് നേതാവ് വിജയ് ജോസ് മാരേറ്റിനെയും ജോസ് കെ മാണി പക്ഷം ചങ്ങനാശ്ശേരിയില്‍ പരിഗണിക്കുന്നുണ്ട്. സീറ്റ് വിഭജന ചര്‍ച്ചകളില്‍ ചങ്ങനാശ്ശേരിയും ഇടതു മുന്നണിക്ക് പ്രതിസന്ധിയാകും.

Story Highlights – changanassery, kerala congress m

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top