കന്യാസ്ത്രിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പൊലീസ് ശാസ്ത്രീയ തെളിവു ശേഖരണം ആരംഭിച്ചു

എറണാകുളം വാഴക്കാലയില്‍ കന്യാസ്ത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് ശാസ്ത്രീയ തെളിവു ശേഖരണം ആരംഭിച്ചു. കോണ്‍വെന്റ് അധികൃതരുടെയും കന്യാസ്ത്രീയുടെ മാതാപിതാക്കളുടെയും മൊഴികള്‍ പൊലീസ് രേഖപ്പെടുത്തി. ഇന്നലെ വൈകിട്ടാണ് സെന്റ് തോമസ് കോണ്‍വെന്റിലെ സിസ്റ്റര്‍ ജെസീനയെ സമീപത്തെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കന്യാസ്ത്രീയുടെ മരണത്തിലെ അസ്വാഭാവികത പരിഗണിച്ചാണ് പൊലീസ് കൂടുതല്‍ ശാസ്ത്രിയ തെളിവുകള്‍ ശേഖരിക്കുന്നത്. സെന്റ് തോമസ് കോണ്‍വെന്റിലെ മറ്റ് അന്തേവാസികളുടെയും സിസ്റ്റര്‍ ജസീനയുടെ ബന്ധുക്കളുടെയും വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കോണ്‍വെന്റിന് പുറകുവശത്തുള്ള പാറമടയിലേക്ക് സിസ്റ്റര്‍ ജെസീന എത്തിയതെങ്ങനെ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കന്യാസ്ത്രീ വര്‍ഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് മഠം അധികൃതരുടെ വാദം. ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്.
മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റേ പറഞ്ഞു. കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. ഇടുക്കി കീരിത്തോട് സ്വദേശിയായ സിസ്റ്റര്‍ ജെസീന 2018 ലാണ് വാഴക്കാല സെന്റ് തോമസ് കോണ്‍വെന്റില്‍ എത്തുന്നത്.
Story Highlights – nun found dead; Police collecting scientific evidence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here