നിയമസഭ തെരഞ്ഞെടുപ്പ്; കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത്

നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരും. ഇടതുമുന്നണിയില്‍ പതിമൂന്ന് സീറ്റുകള്‍ ആവശ്യപ്പെടാനാണ് ജോസ് കെ. മാണിയുടെ നീക്കം. തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റം ഉയര്‍ത്തിക്കാട്ടിയാണ് അവകാശവാദം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 13 സീറ്റുകള്‍ വേണമെന്ന ആവശ്യത്തിലാണ് കേരള കോണ്‍ഗ്രസ് എം. കോട്ടയത്ത് കഴിഞ്ഞ തവണ പാര്‍ട്ടി മത്സരിച്ച എല്ലാ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളാക്കാവുന്ന നേതാക്കളുടെ പട്ടിക ജോസ് കെ. മാണി തയാറാക്കി കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, പത്തനംതിട്ടയിലെ റാന്നി എന്നിവ പുതുതായി ആവശ്യപ്പെടും. എറണാകുളം ജില്ലയില്‍ അങ്കമാലിയോ പെരുമ്പാവൂരോ വേണമെന്നാണ് പൊതു വികാരം.
കാഞ്ഞിരപ്പള്ളി സീറ്റ് സിപിഐയില്‍ നിന്ന് ഏറ്റെടുക്കുമ്പോള്‍ ജോസ് പക്ഷത്തിന് പൂഞ്ഞാറിലോ ചങ്ങനാശേരിയിലോ വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരും. എന്നാല്‍ പാലായ്ക്ക് പുറമെ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, കടുത്തുരുത്തി, ഏറ്റുമാനൂര്‍ എന്നിവയില്‍ കടുംപിടുത്തം വേണമെന്നാണ് നേതാക്കളുടെ പക്ഷം. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉണ്ടാക്കാനായ മുന്നേറ്റം ചൂണ്ടിക്കാട്ടി ഇടതുമുന്നണിയില്‍ സീറ്റ് ആവശ്യം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ജോസ് കെ. മാണി. ഇത് സംബന്ധിച്ച ആലോചനകള്‍ക്ക് പുറമേ താഴേ തട്ടിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും വൈകീട്ട് നാല് മണിക്ക് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയാകും.
മാണി സി. കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കി പാലായില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ജോസ് കെ. മാണിയെ കടന്നാക്രമിച്ചാണ് കാപ്പന്റെ പ്രചാരണം. വികസനം മുടക്കാന്‍ ശ്രമിച്ചെന്ന പാലാ എംഎല്‍എയുടെ ആരോപണത്തില്‍ ഉള്‍പ്പെടെ മറുപടി നല്‍കാനുള്ള ചര്‍ച്ചകളും ഇന്നത്തെ യോഗത്തില്‍ നടക്കും. ജോസ് കെ. മാണിയെ ചെയര്‍മാനാക്കിയ നടപടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം ലഭ്യമായ ശേഷം ആദ്യമായാണ് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരുന്നത്.
Story Highlights – Assembly elections; Kerala Congress M meeting today in Kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here