ഉത്തപ്പയും സച്ചിൻ ബേബിയും തിളങ്ങി; വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം

kerala won vijay hazare

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം. ഉത്തർപ്രദേശിനെ 3 വിക്കറ്റിന് തോല്പിച്ചാണ് കേരളം രണ്ടാം ജയം കുറിച്ചത്. യുപി മുന്നോട്ടുവച്ച 284 റൺസിൻ്റെ വിജയലക്ഷ്യം 7 വിക്കറ്റ് നഷ്ടപ്പെടുത്തി 48.5 ഓവറിൽ വിജയിക്കുകയായിരുന്നു. റോബിൻ ഉത്തപ്പ (81), ക്യാപ്റ്റൻ സച്ചിൻ ബേബി (76) എന്നിവർ കേരളത്തിനായി തിളങ്ങി. ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്ത് ആണ് ഉത്തർപ്രദേശിനെ തകർത്തത്.

അഭിഷേക് ഗോസ്വാമി (54), പ്രിയം ഗാർഗ് (57), അക്ഷ് ദീപ് നാഥ് (68) എന്നിവരുടെ അർധസെഞ്ചുറികളുടെ ബലത്തിലാണ് ഉത്തർപ്രദേശ് മികച്ച സ്കോർ കുറിച്ചത്. അവസാന ഓവറുകളിൽ തകർത്തെറിഞ്ഞ ശ്രീശാന്ത് കൂറ്റൻ സ്കോറിൽ നിന്ന് ഉത്തർപ്രദേശിനെ തടയുകയായിരുന്നു. 9.4 ഓവറിൽ 65 റൺസ് വഴങ്ങിയാണ് ശ്രീ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.

മറുപടി ബാറ്റിംഗിൽ വിഷ്ണു വിനോദിനെ (7) വേഗത്തിൽ നഷ്ടമായെങ്കിലും ടി-20 വേഗതയിൽ സ്കോർ ചെയ്ത ഉത്തപ്പ കേരളത്തെ മുന്നോട്ടുനയിച്ചു. കഴിഞ്ഞ മത്സരത്തിൽ നിർത്തിയ ഇടത്തുനിന്ന് തുടങ്ങിയ താരം സഞ്ജുവിനെ കൂട്ടുപിടിച്ച് അനായാസം സ്കോർ ചെയ്തു. എന്നാൽ 55 പന്തുകളിൽ 81 റൺസ് നേടിയ ഉത്തപ്പ പുറത്തായത് കേരളത്തിനു തിരിച്ചടിയായി. പിന്നാലെ സഞ്ജു (29) റണ്ണൗട്ടായി മടങ്ങി.

തുടർ വിക്കറ്റുകളിൽ കേരളം പതറിയെങ്കിലും ശ്രദ്ധാപൂർവം ബാറ്റ് ചെയ്ത ക്യാപ്റ്റൻ സച്ചിൻ ബേബി കേരളത്തെ ജയത്തിലേക്ക് അടുപ്പിച്ചു. വത്സൽ ഗോവിന്ദ് (30), ജലജ് സക്സേന (31) എന്നിവരെയൊക്കെ കൂട്ടുപിടിച്ചായിരുന്നു സച്ചിൻ്റെ പോരാട്ടം. ജയത്തിലേക്ക് 14 റൺസ് ബാക്കി നിൽക്കെ സച്ചിൻ ബേബി പുറത്തായത് വീണ്ടും കേരളത്തിനു തിരിച്ചടിയായി. എന്നാൽ പുറത്താവാതെ നിന്ന റോജിത് കെജി (6), നിതീഷ് എംഡി (13) എന്നിവർ കേരളത്തെ വിജയിപ്പിക്കുകയായിരുന്നു.

Story Highlights – kerala won against up in vijay hazare trophy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top