തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് താത്കാലിക വിലക്ക്

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തി. നിബന്ധനകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ താത്കാലിക വിലക്ക് ഏർപ്പെടുത്തി ഉത്തരവിട്ടത്. ആനയുടെ കാഴ്ചയ്ക്കുള്ള തകരാറുകൾ മൂടിവെച്ചതിനെക്കുറിച്ച് വിശദീകരണം നൽകണമെന്നും പ്രിൻസിപ്പൾ ചീഫ് കൺസർവേറ്റർ ആവശ്യപ്പെട്ടു.
ഈ മാസം 11നാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കി തൃശൂർ, പാലക്കാട് ജില്ലകളിൽ എഴുന്നള്ളിക്കുന്നതിന് കർശന ഉപാധികളോടെ അനുമതി നൽകിയത്. ഈ അനുമതി റദ്ദാക്കണമെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ്. തൃശ്ശൂർ ജില്ലാ കളക്ടർ നൽകിയ നിരീക്ഷണ സമിതിയുടെ നിഗമനത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് ആനയെ എഴുന്നള്ളിക്കുന്നതിന് താത്കാലിക വിലക്ക് ഏർപ്പെടുത്തിയത്. കാഴ്ചശക്തിയിലെ ന്യൂനത ഉൾപ്പെടെ മറച്ചുവച്ചാണ് നേരത്തെ അനുമതി നൽകിയതെന്നും കാഴ്ച കുറവിന്റെ കാര്യം മറച്ചു വച്ചതിന് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററോട് വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിൻസിപ്പൾ ചീഫ് കൺസർവേറ്ററാണ് വിശദീകരണം ആവശ്യപ്പെട്ടത്.
Read Also : തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ അനുമതി
അതേസമയം ഇക്കാര്യത്തിൽ പരിശോധന നടത്തുമെന്ന് തൃശൂർ ജില്ലാ കളക്ടർ എസ് ഷാനവാസ് പറഞ്ഞു. വനം വകുപ്പിന്റെ നിർദേശത്തെ തുടർന്ന് അഞ്ചംഗ വെറ്റിനറി ഡോക്ടർമാരടങ്ങുന്ന സംഘം അടുത്ത ദിവസം ആനയെ പരിശോധിക്കും. ഇതിന് ശേഷമായിരിക്കും എഴുന്നള്ളിക്കുന്നതിനുള്ള അനുമതിയുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക.
Story Highlights – Temporary ban for Thechikottukavu Ramachandran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here