സർക്കാരുമായി ഭിന്നാഭിപ്രായം ഉണ്ടെന്ന പേരിൽ ആളുകളെ ജയിലിൽ അടയ്ക്കാൻ കഴിയില്ല: പട്യാല ഹൗസ് കോടതി

സർക്കാരുമായി ഭിന്നാഭിപ്രായം ഉണ്ടെന്ന പേരിൽ ആളുകളെ ജയിലിൽ അടയ്ക്കാൻ കഴിയില്ലെന്ന് പട്യാല ഹൗസ് കോടതി. ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ ജാമ്യം പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. അഡീഷണൽ സെഷൻസ് ജഡ്ജ് ധർമേന്ദർ റാണയാണ് ഇത്തരത്തിൽ നിരീക്ഷണം നടത്തിയത്.
“എന്റെ പരിഗണനയിൽ, ഏതൊരു ജനാധിപത്യ രാജ്യത്തും പൗരന്മാർ ഭരണകൂടത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരാണ്. സർക്കാർ നയങ്ങളോട് വിയോജിച്ചു എന്നതിനാൽ അവരെ അഴികൾക്ക് പിന്നിലാക്കാൻ കഴിയില്ല. വ്യത്യസ്ത അഭിപ്രായങ്ങൾ, ചിന്തകൾ, വിസമ്മതിക്കൽ ഒക്കെ സർക്കാരിൻ്റെ നയങ്ങളിൽ വസ്തുനിഷ്ഠത വർദ്ധിപ്പിക്കുന്നതിനുള്ള നിയമാനുസൃത കാര്യങ്ങളാണ്. ബോധവാനും ദൃഢനിശ്ചയമുള്ളവനുമായ ഒരു പൗരൻ, ഇതിനോട് ഭിന്നാഭിപ്രായമുള്ളതും സർക്കാരിനോട് വിധേയത്വം കാണിക്കുന്നതുമായ പൗരനും തമ്മിലുള്ള വൈരുധ്യം ആരോഗ്യമുള്ള, ഊർജസ്വലമായ ഒരു ജനാധിപത്യത്തിൻ്റെ അടയാളങ്ങളാണ്.”- കോടതി നിരീക്ഷിച്ചു.
Read Also : ടൂൾ കിറ്റ് കേസ്; ദിഷ രവിക്ക് ജാമ്യം
“എന്റെ അഭിപ്രായത്തിൽ, അഭിപ്രായ സ്വാതന്ത്ര്യത്തിന് ആഗോള പ്രേക്ഷകരെ തേടാനുള്ള അവകാശമുണ്ട്. ആശയവിനിമയത്തിന് ഭൂമിശാസ്ത്രപരമായ തടസ്സങ്ങളൊന്നുമില്ല. ആശയവിനിമയം നൽകാനും സ്വീകരിക്കാനുമുള്ള ഏറ്റവും മികച്ച മാർഗങ്ങൾ ഉപയോഗിക്കുന്നതിനുള്ള അടിസ്ഥാന അവകാശങ്ങൾ ഒരു പൗരന് ഉണ്ട്. നിയമത്തിന്റെ നാല് കോണുകളിൽ അനുവദനീയമാകുന്നിടത്തോളം കാലം വിദേശ പ്രേക്ഷകർക്കും ഇത് ലഭ്യമാവും.”- കോടതി കൂട്ടിച്ചേർത്തു.
ദിഷയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ദിഷ രവിക്ക് ഖാലിസ്ഥാൻ ബന്ധമുണ്ടെന്ന വാദത്തിന് മതിയായ തെൾവുകൾ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു.
Story Highlights – Can’t jail people for disagreeing with govts court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here