കെഎസ്ഇബിയിലും വിദ്യാഭ്യാസ വകുപ്പിലും സ്ഥാനക്കയറ്റം നല്‍കാന്‍ വഴിവിട്ട നീക്കം

kseb

ഭരണം മാറും മുന്‍പേ വകുപ്പുകളില്‍ സ്ഥാനക്കയറ്റം നല്‍കാന്‍ വഴിവിട്ട നീക്കം. ഏപ്രില്‍, മേയ് മാസത്തിലുണ്ടാകുന്ന ഉന്നത തസ്തികകളിലേക്ക് രണ്ട് മാസം മുമ്പേ വൈദ്യുതി ബോര്‍ഡ് നിയമനം നടത്തി. വിദ്യാഭ്യാസ വകുപ്പിലാകട്ടെ യോഗ്യതയില്ലാത്ത സംഘടനാ നേതാക്കള്‍ക്ക് ഹെഡ്മാസ്റ്റര്‍ തസ്തിക നല്‍കാനായി കോടതി വിധി മറികടന്ന് നിയമന ഉത്തരവുമിറക്കി. നിയമന രേഖകള്‍ ട്വന്റിഫോറിന് ലഭിച്ചു.

സാധാരണഗതിയില്‍ ഒരു ഉദ്യോഗസ്ഥന്‍ വിരമിക്കുമ്പോഴാണ് ആ തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നടത്തുക. എന്നാല്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ ഏപ്രില്‍, മേയ് മാസങ്ങളിലുണ്ടാകുന്ന വിരമിക്കല്‍ തസ്തികകളിലേക്ക് രണ്ടു മാസം മുമ്പേ നിയമനം നടത്തി. ഡല്‍ഹിയിലെ ലെയ്‌സണ്‍ ഓഫീസര്‍, കെഫോണ്‍ കമ്പനിയുടെ ചുമതലയുള്ള ചീഫ് എന്‍ജിനീയര്‍, ഡിസ്ട്രിബ്യൂഷന്‍ ചീഫ് എന്‍ജിനീയര്‍, ചീഫ് എന്‍ജിനീയര്‍ ഐ ടി ആന്‍ഡ് സിആര്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ തൃശൂര്‍ തുടങ്ങി 13 തസ്തികകളിലേക്കാണ് മുന്‍കൂര്‍ നിയമനം. ചരിത്രത്തിലാദ്യമായാണ് കെഎസ്ഇബിയില്‍ ഇത്തരത്തില്‍ നിയമനം നടത്തുന്നത്.

Read Also : സംസ്ഥാനത്ത് ഇന്ന് കെഎസ്ഇബി ജീവനക്കാർ പണിമുടക്കും

വിദ്യാഭ്യാസ വകുപ്പില്‍ വിവിധ സംഘടനാ നേതാക്കള്‍ക്കായി കോടതി വിധി മറികടന്ന് ഹെഡ്മാസ്റ്റര്‍ നിയമനം നല്‍കി. യോഗ്യതയില്ലാത്തവര്‍ക്ക് ഹെഡ്മാസ്റ്റര്‍ നിയമനം നല്‍കാനാണ് നീക്കം. 50 വയസ് കഴിഞ്ഞ എല്‍പി അധ്യാപകരെ യോഗ്യതയില്ലാതെ നിയമിക്കാന്‍ മുന്‍പ് സര്‍ക്കാര്‍ തീരുമാനിച്ചുവെങ്കിലും ഹൈക്കോടതി ഇത് വിലക്കിയിരുന്നു.

നിയമനം ലഭിച്ച ചിലര്‍ സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍ നിലവിലുള്ള സ്ഥിതി തുടരാനായിരുന്നു ഉത്തരവ്. എന്നാല്‍ യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ 2021 ജനുവരി അഞ്ചിന് സര്‍ക്കാര്‍ വിജ്ഞാപനവും സര്‍ക്കുലറും ഇറക്കി. സര്‍ക്കുലര്‍ ഹൈക്കോടതി സ്‌റ്റേ ചെയ്‌തെങ്കിലും ഇതു മറികടന്ന് തൃശൂരില്‍ പ്രൊവിഷന്‍ ലിസ്റ്റ് പോലുമില്ലാതെ 63 പേരെയാണ് ഹെഡ്മാസ്റ്ററായി നിയമിച്ചത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ പ്രൊവിഷല്‍ ലിസ്റ്റുമിറക്കി.

Story Highlights – kseb, education department

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top