കേരള-കർണാടക അതിർത്തി പ്രശ്നം; നിലപാട് മയപ്പെടുത്തി കർണാടക സർക്കാർ

കേരള-കർണാടക അതിർത്തി പ്രശ്നത്തിൽ നിലപാട് മയപ്പെടുത്തി കർണാടക സർക്കാർ. അതിർത്തി യാത്രയ്ക്ക് രണ്ട് ദിവസത്തേക്ക് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കില്ല. അതിർത്തിയിലെ നിയന്ത്രണം ചോദ്യം ചെയ്തുള്ള ഹർജി കർണ്ണാടക ഹൈക്കോടതി നാളെ പരിഗണിക്കും. അതേസമയം, വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
ഇന്നു മുതൽ കേരള-കർണാടക അതിർത്തി വഴിയുള്ള യാത്രയ്ക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും എന്നായിരു കർണാടക സർക്കാർ നിലപാട്. എന്നാൽ കഴിഞ്ഞ ദിവസം നാട്ടുകാരുടെ പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് കർണാടകം നിലപാട് മയപ്പെടുത്തിയത്.
ഇതോടെ തലപ്പാടി ഉൾപ്പെടെയുള്ള അതിർത്തികളിൽ ഇന്ന് പരിശോധന കൂടാതെ യാത്രക്കാരെ കടത്തി വിട്ടു. വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്. അന്തർസംസ്ഥാന യാത്രയ്ക്ക് നിയന്ത്രണം പാടില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തിന് വിരുദ്ധമാണ് ഈ നടപടിയെന്നും
ഇക്കാര്യത്തിൽ അനുകൂലമായ നടപടി ഉണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Read Also : കർണാടക അതിർത്തി അടച്ച സംഭവം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മുഖ്യമന്ത്രി
എന്നാൽ അതിർത്തികൾ അടയ്ക്കാൻ ശ്രമിക്കുകയല്ല എന്നാണ് കർണാടക സർക്കാരിൻ്റെ വിശദീകരണം. ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനായാണ് കൊവിഡ് സ്ക്രീനിംഗ് നടത്തുന്നതെന്നും അതിനാലാണ് സംസ്ഥാനന്തര യാത്രയ്ക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കുന്നതെന്നും കർണാടക ഉപമുഖ്യമന്ത്രി ഡോ.അശ്വത് നാരായൺ അറിയിച്ചു. തീരുമാനം പിൻവലിക്കുന്ന വരെ പ്രതിഷേധം ശക്തമാക്കുമെന്ന് മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീൻ പറഞ്ഞു.
വിദ്യാർത്ഥികൾക്ക് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ തന്നെ പരിശോധന നടത്തുമെന്നും ജോലിസംബന്ധമായ ആവശ്യങ്ങൾക്ക് ദിവസസേന യാത്ര ചെയ്യുന്നവർ മൂന്ന് ദിവസത്തിലൊരിക്കൽ ആർടിപിസിആർ പരിശോധന നടത്തണമെന്നുമാണ് നിലവിലെ നിർദേശം. നിലപാട് മയപ്പെടുത്തിയെങ്കിലും അതിർത്തിയിൽ ഇടത് യുവജന സംഘടനകൾ പ്രതിഷേധവുമായെത്തി.
Story Highlights – Kerala-Karnataka border issue; Karnataka government softened its stance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here