കാർഷിക നിയമത്തിലെ പ്രശ്‌നങ്ങളെന്ത് ? വിശദീകരിച്ച് രാഹുൽ ഗാന്ധി

കാർഷിക നിയമത്തിലെ പ്രശ്‌നങ്ങൾ വിശദീകരിച്ച് രാഹുൽ ഗാന്ധി എംപി. യുഡിഎഫിന്റെ ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി കാർഷിക നിയമത്തിലെ പോരായ്മകൾ അക്കമിട്ട് നിരത്തി പറഞ്ഞത്.
രാഹുൽ ഗാന്ധിയുടെ വാക്കുകൾ ഇങ്ങനെ –
‘കേന്ദ്ര സർക്കാർ മൂന്ന് കാർഷിക നിയമങ്ങൾ കൊണ്ടുവന്നു. ആദ്യത്തെ നിയമം കർഷകരുടെ ചന്തകൾ ഇല്ലാതാക്കുന്നതാണ്. രണ്ടാമത്തെ നിയമം, ഈ രാജ്യത്തെ വ്യവസായികളെ അവർക്ക് ഇഷ്ടമുള്ളത്ര പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും സംഭരിക്കാൻ പ്രാപ്തമാക്കുന്നതാണ്. അളവില്ലാത്ത സംഭരണത്തിന് അതിസമ്പന്നരായ വ്യവസായികളെ പ്രാപ്തരാക്കുന്നതാണ് ഈ നിയമം. ഈ രണ്ട് നിയമങ്ങളും ഈ രാജ്യത്തെ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളുടേയും വിലയെ നിയന്ത്രിക്കുന്നതിന് വേണ്ടി കൊണ്ടുവന്നിരിക്കുന്നതാണ്.
അവർക്ക് ഒരൊറ്റ ലക്ഷ്യം മാത്രമേയുള്ളു. നമ്മുടെ നാട്ടിലെ കർഷകർക്ക് അവരുടെ വിളകൾക്ക് കൃത്യമായ വില ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതാണ്. അത് മാത്രമല്ല, ഈ നാട്ടിലെ എല്ലാവർക്കും ഭക്ഷണത്തിന് വേണ്ടി കൂടുതൽ തുക ചെലവാക്കേണ്ടി വരും.
മൂന്നാമത്തെ നിയമം കൗതുകമുണർത്തുന്നതാണ്. ഒരു കർഷകന് വിലയെ പറ്റി തർക്കമുണ്ടെങ്കിൽ ആ കർഷകന് കോടതിയെ സമീപിക്കാൻ സാധിക്കില്ല. ആദ്യത്തെ രണ്ട് നിയമങ്ങൾ നമ്മുടെ കാർഷിക വ്യവസ്ഥയെ തകർക്കുന്നുവെങ്കിൽ മൂന്നാമത്തെ നിയമം കർഷകന് നീതി നിഷേധിക്കുന്നു.’
ഈ നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകരെ പ്രധാനമന്ത്രി ഭീകരരായി മുദ്രകുത്തിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
Story Highlights – rahul gandhi explains flaws in farm law
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here