ഇംഗ്ലണ്ടിനെ കശാപ്പ് ചെയ്ത് അക്സറും അശ്വിനും; ഇന്ത്യക്ക് 48 റൺസ് വിജയലക്ഷ്യം

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് 48 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 81 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. സ്പിന്നർമാരാണ് ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടിയത്. അക്സർ പട്ടേൽ വീണ്ടും അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആർ അശ്വിൻ 4 വിക്കറ്റും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും വീഴ്ത്തി. 25 റൺസ് നേടിയ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. സ്റ്റോക്സിനെ കൂടാതെ ജോ റൂട്ട് (19), ഒലി പോപ്പ് (12) എന്നിവർ മാത്രമേ ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടന്നുള്ളൂ.
ആദ്യ ഓവറിൽ തന്നെ ഇന്ത്യ വിക്കറ്റ് വേട്ട ആരംഭിച്ചു. അക്സർ പട്ടേൽ എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ സാക്ക് ക്രൗളിയും മൂന്നാം പന്തിൽ ജോണി ബെയർസ്റ്റോയും ക്ലീൻ ബൗൾഡായി. ഇരുവരും റൺ ഒന്നും എടുക്കാതെയാണ് പുറത്തായത്. ഡോമിനിക്സ് സിബ്ലിയെ (7) അക്സറിൻ്റെ പന്തിൽ പന്ത് പിടികൂടി. നാലാം വിക്കറ്റിൽ സ്റ്റോക്സും റൂട്ടും ചേർന്ന് ഇംഗ്ലണ്ടിനെ കരകയറ്റാൻ ശ്രമിച്ചെങ്കിലും അശ്വിൻ ഈ കൂട്ടുകെട്ട് തകർത്തു. 25 റൺസെടുത്ത സ്റ്റോക്സിനെ അശ്വിൻ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. പിന്നാലെ ജോ റൂട്ട് അക്സറിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി. ഒലി പോപ്പിനെ അശ്വിൻ ക്ലീൻ ബൗൾഡാക്കി.
Read Also : അടിവേരിളക്കി റൂട്ടും ലീച്ചും; ഇന്ത്യ 145 റൺസിനു പുറത്ത്
ജോഫ്ര ആർച്ചർ (0) അശ്വിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി. ബെൻ ഫോക്സിനെ (8) അക്സർ വിക്കറ്റിനു മുന്നിൽ കുരുക്കി. ജാക്ക് ലീച്ച് (9) അശ്വിൻ്റെ പന്തിൽ രഹാനെയുടെ കൈകളിൽ അവസാനിച്ചു. ആൻഡേഴ്സണെ (0) ഋഷഭ് പന്തിൻ്റെ കൈകളിൽ എത്തിച്ച വാഷിംഗ്ടൺ സുന്ദർ ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു.
രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രാത്രി ഭക്ഷണത്തിനു പിരിയുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 11 റൺസ് എടുത്തിട്ടുണ്ട്.
Story Highlights – england allout for 81 vs india in third test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here