Advertisement

‘സാന്ത്വനം കുവൈറ്റ്’- ഇരുപതാം വാർഷിക പൊതുയോഗം ഫെബ്രുവരി 25 ന് ‘സൂം’ ഓൺലൈനിൽ

February 25, 2021
Google News 2 minutes Read

ജീവകാരുണ്യ പ്രവർത്തനരംഗത്ത് സമാനതകളില്ലാത്ത സാമൂഹ്യസേവനം ചെയ്യുന്ന ‘സാന്ത്വനം കുവൈറ്റ്’ ഇരുപത്‌ പ്രവർത്തന വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വാർഷിക പൊതുയോഗം സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 25 നു ഉച്ചകഴിഞ്ഞ്‌ 2:30 നു ‘സൂം’ ഓണ്‍ലൈനിൽ നടക്കുന്ന പൊതുയോഗം ഇന്ത്യൻ അംബാസിഡർ സിബി ജോർജ്ജ്‌ ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ ആരോഗ്യമന്ത്രി കെ കെ ശെെലജ മുഖ്യപ്രഭാഷണം നിർവഹിക്കും.

സംഘടനയുടെ അംഗങ്ങളും, അഭ്യുദയ കാംക്ഷികളും, കുവൈറ്റിലെയും നാട്ടിലേയും സാമൂഹ്യ സേവന രംഗത്തെ പ്രമുഖ വ്യക്തികളും യോഗത്തിൽ പങ്കെടുക്കും.

2020 ലെ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ട് അവതരിപ്പിച്ച് വിലയിരുത്തുന്നതോടൊപ്പം അംഗങ്ങളുടെ അഭിപ്രായ നിർദേശങ്ങൾ മുൻ നിർത്തി നിർധന രോഗികൾക്ക് വേണ്ടി കൂടുതൽ ഉപകാരപ്രദവും കാര്യക്ഷമവുമായ ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുവാനുള്ള പൊതു ചർച്ച തുടങ്ങിയവ പൊതുയോഗത്തിന്റെ മുഖ്യ വിഷയങ്ങളായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 2020 വർഷത്തെ പ്രവർത്തന വിവരങ്ങൾ സമഗ്രമായി ഉൾക്കൊള്ളുന്ന വാർഷിക സുവനീറായ “സ്മരണിക 2020” യോഗത്തിൽ വച്ച്‌ ഓൺലൈനായി പ്രകാശനം ചെയ്യും.

കഴിഞ്ഞ 20 വർഷങ്ങളിൽ 13 കോടിയിലേറെ രൂപ ചികിത്സാ ദുരിതാശ്വാസ സഹായങ്ങളായി സാമ്പത്തിക പരാധീനതകളാൽ ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകൾക്ക് ജാതിമത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ എത്തിച്ച് നൽകുവാൻ സാന്ത്വനം കുവൈറ്റിന് കഴിഞ്ഞിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

കൊവിഡ്‌ മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2020 പ്രവർത്തന വർഷത്തിൽ മാത്രം 1100 ഓളം രോഗികൾക്കായി ഒന്നേകാൽ കോടിയോളം രൂപയുടെ ചികിത്സാ സഹായ പദ്ധതികൾ നടപ്പിലാക്കുവാൻ സംഘടനയ്ക്ക്‌ കഴിഞ്ഞു. ഇതിൽ വിവിധ കൊവിഡ്‌ സഹായപദ്ധതികൾ, കുവൈറ്റിലെ ഗാർഹിക മേഖലയിലും അടിസ്ഥാന മേഖലയിലും ജോലി നോക്കുന്ന നിർധനരായ രോഗികളും പ്രതിമാസ തുടർചികിത്സാ സഹായ പദ്ധതിയുടെ ഭാഗമായി നാട്ടിൽ ദീർഘകാലം ചികിത്സ വേണ്ടിവരുന്ന കിടപ്പ്‌ രോഗികളും ഒപ്പം പ്രത്യേക വാർഷിക സാമൂഹ്യക്ഷേമപദ്ധതികളും ഉൾപ്പെടുന്നു.

കഴിഞ്ഞ വർഷം കൊവിഡ്‌ സഹായ പദ്ധതിയുടെ ഭാഗമായി കുവൈറ്റിൽ ഫുഡ്‌ കിറ്റ്‌ വിതരണം, ലോക്ക്‌ ഡൗൺ കാലത്ത്‌ ജോലി നഷ്ടപ്പെട്ടവർക്ക്‌‌ നാട്ടിൽ പോകുന്നതിനായി സൗജന്യ ടിക്കറ്റുകൾ, കൊവിഡ്‌ മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കുകയുണ്ടായി.

രോഗികളായ മത്സ്യത്തൊഴിലാളികൾക്കുള്ള ചികിത്സാ സഹായവും വീടുകളുടെ പുനർ നിർമാണത്തിനുള്ള സഹായവും പ്രത്യേക സഹായ പദ്ധതികളായി കഴിഞ്ഞ വർഷം കേരളത്തിൽ നടപ്പാക്കുകയുണ്ടായി.

എല്ലാ വർഷവും നടപ്പാക്കി വരുന്ന പ്രത്യേക സഹായ പദ്ധതിയിൽ, കാൻസർ രോഗികൾക്കും മറ്റും താമസ സൗകര്യം ഒരുക്കുന്ന തിരുവനന്തപുരം ട്രിഡ വിശ്രം സങ്കേത്, പാലക്കാട് പ്രവർത്തിക്കുന്ന ഓട്ടിസം സെന്റർ, വയനാട്ടിലെ ശാന്തി ഡയാലിസിസ് സെന്റർ, എല്ലാ ജില്ലകളിലും ഉള്ള വിവിധ പാലിയേറ്റീവ് കെയർ സെന്ററുകൾ തുടങ്ങിയവയ്ക്കുള്ള സഹായങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.

കൊവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ഓൺലൈനായി നടക്കുന്ന സാന്ത്വനത്തിന്റെ 20 ആം വാർഷിക പൊതുയോഗത്തിലേക്ക് കുവൈറ്റിലെ എല്ലാ പ്രവാസി മലയാളികളേയും സ്വാഗതം ചെയ്യുന്നതോടൊപ്പം സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എല്ലാവരും ഭാഗഭാക്കാകുവാനും സാന്ത്വനം പ്രവർത്തകർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 97213475 (രമേശ്‌), 69011977 (സുനിൽ ചന്ദ്രൻ) എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Story Highlights – santhwanam kuwait, annual general meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here