ഇടഞ്ഞ കൊമ്പൻ ചരിഞ്ഞ സീസൺ; ചില ചിതറിയ ചിന്തകൾ

നിരാശ നിറഞ്ഞ ഒരു സീസൺ. പരിശീലകനെയും ടീമിൻ്റെ കോറിനെയും മാറ്റി ഫ്രഷ് ആയ ആളുകളെ കൊണ്ടുവരുന്നു. ആരാധകർ ഹൈപ്പ് കയറ്റുന്നു. പുതുതായി ടീമിലെത്തിച്ച താരങ്ങളുടെ പ്രകടന വിഡിയോകളുടെ മാഷപ്പും പോസ്റ്ററുകളും സമൂഹമാധ്യമങ്ങൾ പ്രചരിക്കുന്നു. സകല ടീമുകളുടെയും ആരാധകരെ പോയി ചൊറിയുന്നു. ഐപിഎലിൽ ബാംഗ്ലൂരിന് കൈവശാവകാശ സർട്ടിഫിക്കറ്റുള്ള ഈ സാല കപ്പ് നംഡെ എടുത്ത് പ്രയോഗിക്കുന്നു. മത്സരങ്ങൾ തോറ്റ് (ജയിച്ചും) ക്യാമ്പയിൻ തുടങ്ങുന്നു. ഒന്നിനു മേലെ ഒന്നായി പരാജയങ്ങൾ സംഭവിക്കുന്നു. ടീം ഫ്രഷാണ്, കോച്ച് ഫ്രഷാണ്, സെറ്റാവാൻ സമയം നൽകണം എന്ന ഡയലോഗ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. സീസൺ കഴിയുന്നതു വരെ ടീം സെറ്റാവുന്നില്ല. പോയിൻ്റ് ടേബിളിലെ അവസാന സ്ഥാനങ്ങളിൽ സീസൺ അവസാനിപ്പിക്കുന്നു. ഇഷ്ഫാഖ് അഹ്മദ് അവസാനത്തെ ചില മത്സരങ്ങളിൽ പരിശീലകനാവുക എന്ന ചടങ്ങ് കൂടി കഴിഞ്ഞാൽ സീസൺ പൂർണ്ണം. ഇനി ആദ്യം മുതൽ ഒന്നു കൂടി വായിക്കുക.
ഇത്തവണ മേല്പറഞ്ഞ സൈക്കിളിന് ചെറിയൊരു മാറ്റമുണ്ടായിരുന്നു. സുഡുവയിലെ സക്സസ്ഫുൾ സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ് കേരള ബ്ലാസ്റ്റേഴ്സിൻ്റെ സ്പോർട്ടിംഗ് ഡയറക്ടറായി സ്ഥാനം ഏറ്റെടുത്തതായിരുന്നു അത്. ആ മാറ്റം മാറ്റിനിർത്തിയാൽ ഈ സീസണിൽ മറ്റ് മാറ്റങ്ങളൊന്നുമില്ല. ഒപ്പം, ഇന്ത്യയിൽ തന്നെ കഴിവ് തെളിയിച്ച മികച്ച പരിശീലകനെയും കാശിറക്കി മികച്ച കളിക്കാരെയും മാനേജ്മെൻ്റ് എത്തിച്ചു. പക്ഷേ, സ്കിൻകിസിൻ്റെ ഫോറിൻ റിക്രൂട്ടുകളും കിബുവിൻ്റെയും ഇഷ്ഫാഖിൻ്റെയും നാടൻ റിക്രൂട്ടുകളും മികച്ചതായിരുന്നു. എന്നിട്ടും സംഭവം പഴയ ബോംബ് കഥ തന്നെ.
ജോർഡൻ മറെ, ഗാരി ഹൂപ്പർ, വിസെൻ്റെ ഗോമസ്, ഫക്കുണ്ടോ പെരേര, ബക്കാരി കോനെ, കോസ്റ്റ നാമൊയ്ന്സു പിന്നെ യുവാൻഡെ എന്നിവരാണ് ഇക്കൊല്ലം ബ്ലാസ്റ്റേഴ്സിലുണ്ടായിരുന്ന വിദേശികൾ. ഇതിൽ യുവാൻഡെയെ വിലയിരുത്താൻ വേണ്ടത്ര സമയം ലഭിച്ചില്ല. മറ്റുള്ളവരിൽ പരാജയമായത് രണ്ട് പേർ മാത്രമാണ്. നിർഭാഗ്യവശാൽ അവർ ഇരുവരും പ്രതിരോധ നിരയുടെ നട്ടെല്ലുകൾ ആയിപ്പോയി. ഹൂപ്പർ ആദ്യ ചില കളികളിൽ പരാജയമായെങ്കിലും മറെയെ സ്ട്രൈക്കറും ഹൂപ്പറിനെ സെക്കൻഡ് സ്ട്രൈക്കറുമാക്കി കിബു നടത്തിയ പരീക്ഷണം വിജയിച്ചു. മറെ സ്കോർ ചെയ്യുകയും സ്പേസുകൾ ലഭിച്ചപ്പോൾ ഹൂപ്പർ അപകടകാരിയാവുകയും ചെയ്തു. ഹൂപ്പറെ സ്ട്രൈക്കർ ആക്കിയപ്പോൾ ആ ഭീഷണി മാത്രം എതിർ ടീമുകൾക്ക് ഒഴിവാക്കിയാൽ മതിയായിരുന്നു. റോൾ മാറിയപ്പോൾ അയാൾക്കൊപ്പം മറെയെയും മാർക്ക് ചെയ്യേണ്ട അധിക ചുമതല എതിർ ടീമുകൾക്ക് ഉണ്ടാവുകയും ഗോളുകൾ പിറക്കുകയും ചെയ്തു. ഫക്കുണ്ടോ പെരേര സീസണിലെ ഏറ്റവും മികച്ച മധ്യനിര താരമായി റേറ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു. സീസണിൽ ഏറ്റവുമധികം അവസരങ്ങളുണ്ടാക്കിയ താരമാണ് പെരേര. മുരുകനെ ചേർത്തുനിർത്തി രാമയ്യ പറയുന്നതുപോലെ ‘ദേ, ഇവനെ ഇങ്ങനെ ചേർത്ത് പിടിച്ചോണം’ എന്ന് പറയാവുന്ന താരം. ഗോമസും മികച്ച ചില പ്രകടനങ്ങൾ കാഴ്ചവച്ചു.
36 ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. സീസണിൽ ഏറ്റവുമധികം ഗോളുകൾ വഴങ്ങിയ ടീമുകളിൽ രണ്ടാമത്. നേടിയ 23 ഗോളുകൾ അത്ര ചെറിയ സംഖ്യ അല്ല. അതിനെ നിഷ്പ്രഭമാക്കിക്കളഞ്ഞത് പ്രതിരോധനിരയുടെ ദയനീയ പ്രകടനമാണ്. പ്രതിരോധ നിരയുടെ കേന്ദ്രങ്ങളായിരുന്ന കോസ്റ്റയും കോനെയും നിരാശ മാത്രം സമ്മാനിച്ചപ്പോൾ വലയിൽ ഗോളുകൾ നിറഞ്ഞു. നിഷു കുമാർ പരുക്കേറ്റ് പുറത്താവുകയും കൂടി ചെയ്തതോടെ ദുരന്തം പൂർണ്ണം. ഫൈനൽ ഇലവനിൽ ഉറച്ച താരങ്ങളായിരുന്ന കോസ്റ്റയെയും കോനെയെയും പുറത്തിരുത്തി കിബു ഇന്ത്യൻ യുവതാരങ്ങളെ പ്രതിരോധത്തിൽ പരീക്ഷിച്ചത് നിസ്സഹായതയുടെ അങ്ങേയറ്റമായിരുന്നു. ഗോൾ കീപ്പർ ആൽബീനോ ഗോമസ് ചില അവിശ്വസനീയ സേവുകൾ നടത്തുമെങ്കിലും ഒന്നാംതരം ബ്ലണ്ടറുകളും ഇടക്കിടെ കാഴ്ചവെക്കും. വഴങ്ങിയ ഗോളുകൾ ഇത്ര ഉയർന്ന സംഖ്യ ആയതിന് ആൽബീനോയ്ക്കും പങ്കുണ്ട്.
കിബു ഒരു നല്ല ടാക്ടീഷ്യനാണോ എന്നതിനെപ്പറ്റി വാക്കുതർക്കങ്ങളുണ്ടെങ്കിലും മാൻ മാനേജ്മെൻ്റിലും താരങ്ങളെ ബെറ്റർ വേർഷൻ ആക്കുന്നതിലും അയാൾ മികച്ച ഒരു ഉദാഹരണമായിരുന്നു. രാഹുൽ കെപിയുടെയും സഹലിൻ്റെയും പ്രകടനങ്ങൾ തന്നെയാണ് ഉദാഹരണം. ഇരുവരും കിബുവിനു കീഴിൽ വളരെ മെച്ചപ്പെട്ടു. മാതാവ് മരണപ്പെട്ടിട്ടും ക്ലബിനൊപ്പം തുടർന്ന കിബു ആത്മാർത്ഥമായി തൻ്റെ ജോലി ചെയ്തു. എന്ത് ചെയ്തിട്ടും മെനയാവുന്നില്ല സജിയേ എന്നു പറഞ്ഞ് അവസാന സമയത്താണ് അയാൾ തിരികെ നടക്കുന്നത്. ലഭിക്കുന്ന വിവരം അനുസരിച്ച് കിബു പരിശീലക സ്ഥാനം ഒഴിയുകയായിരുന്നു. അതുകൊണ്ട് തന്നെ അതിന് മാനേജ്മെൻ്റിനെ തെറ്റു പറയാനാവില്ല.
അല്ലെങ്കിലും ഇത്തവണ മാനേജ്മെൻ്റിൻ്റെ കൈയിൽ രക്തം പുരണ്ടിട്ടില്ല. പണം മുടക്കി മികച്ച ഒരു സംഘത്തെയാണ് അവർ ഒരുക്കിയത്. എന്നാൽ, ചില താരങ്ങൾ പരാജയപ്പെട്ടത് തിരിച്ചടിയായി. ഇതിലും വലിയ താരങ്ങൾ, ലോക ഫുട്ബോളിലെ മുടിചൂടാന്നന്മാരിൽ പലരും വന്ന് ഐ എസ് എലിൽ വിജയിക്കാതെ തിരികെ വിമാനം കേറിയിട്ടുണ്ട്. അതുകൊണ്ട് കോസ്റ്റ-കോനെ സഖ്യത്തിൻ്റെ പരാജയത്തിനോ ടീമിൻ്റെ മോശം പ്രകടനത്തിനോ സ്കിൻകിസിനെയോ മാനേജ്മെൻ്റിനെയോ പരിശീലകനെയോ തെറ്റു പറയാൻ കഴിയുകയുമില്ല.
അടുത്ത സീസണിൽ ഇവരെ മാറ്റി പകരം.., അല്ലെങ്കി വേണ്ട. വരുന്നിടത്തു വച്ച് കാണാം. പിന്നെ, മാനേജ്മെൻ്റിനോട് ഒരു അപേക്ഷയുണ്ട്. ദയവു ചെയ്ത് ഈ വീട്ടിലിനി തീം സോങ് കൊണ്ടുവരരുത്. ഇടഞ്ഞ കൊമ്പനെ സോഷ്യൽ മീഡിയയിൽ ഇട്ട് (വർഷങ്ങളായി) പീഡിപ്പിക്കുകയാണ്. ഇനിയും നാണം കെടാൻ വയ്യ.
Story Highlights – kerala blasters isl season review
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here