‘പാർട്ടിയിൽ നിന്നുളള അപമാനം സഹിക്കാൻ വയ്യ’; കെകെ വിശ്വനാഥൻ കോൺഗ്രസ് അംഗത്വം രാജിവച്ചു

ഡിസിസി സെക്രട്ടറിയുടെ രാജിക്ക് പിന്നാലെ വയനാട്ടിൽ വീണ്ടും കോൺഗ്രസിൽ നിന്ന് മുതിർന്ന നേതാവിന്റെ രാജി. മുൻ കെപിസിസി മെമ്പറും മുതിർന്ന നേതാവുമായ കെകെ വിശ്വനാഥൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ഇനിയും പാർട്ടിയിൽ നിന്നുളള അപമാനം സഹിക്കാനാകാത്തതിനാലാണ് രാജിയെന്ന് കെകെ വിശ്വനാഥൻ ട്വന്റിഫോറിനോട് പറഞ്ഞു. തത്ക്കാലം ഒരു പാർട്ടിയിലേക്കും ഇല്ലെന്നാണ് വിശ്വനാഥൻ മാസ്റ്റർ പറയുന്നത്.
ഐസി ബാലകൃഷ്ണൻ എംഎൽഎ പ്രസിഡന്റായിട്ടുളള ഡിസിസി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളുന്നയിച്ചാണ് അഞ്ച് പതിറ്റാണ്ടിലധികം നീണ്ടുനിന്ന കോൺഗ്രസിലെ രാഷ്ട്രീയജീവിതം കെകെ വിശ്വനാഥൻ അവസാനിപ്പിക്കുന്നത്. ജില്ലാ കോൺഗ്രസ് കമ്മറ്റി ഒരു മൂവർ സംഘത്തിന്റെ കൈപ്പിടിയിലാണെന്നും വലിയ അപമാനം നേരിട്ട കാലഘട്ടമാണ് കടന്നുപോയതെന്നും വിശ്വനാഥൻ മാസ്റ്റർ തുറന്നടിച്ചു
ജില്ലയിൽ പലയിടത്തും പാർട്ടിക്ക് നേതാക്കളോ പ്രവർത്തകരോ ഇല്ലാത്ത അവസ്ഥയുണ്ടെന്നും തന്റെ സഹോദരൻ മുൻമന്ത്രി കെകെ രാമചന്ദ്രൻ അന്തരിച്ചപ്പോൾ പാർട്ടിയിൽ നിന്ന് ഉത്തരവാദിത്വപ്പെട്ടവരാരും ചടങ്ങിനെത്തിയില്ലെന്നും വിശ്വനാഥൻ മാസ്റ്റർ പറയുന്നു
നേരത്തെ ഡിസിസി സെക്രട്ടറി രാജിവെച്ചതിന് പിന്നാലെ കൂടുതൽ നേതാക്കൾ പാർട്ടി വിടുമെന്ന സൂചനകൾ സജീവമായിരുന്നു.രാഹുൽഗാന്ധിയുടെ ലോക്‌സഭാമണ്ഡലത്തിൽ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലമെന്ന നിലയിൽ പാർട്ടി നേതാക്കളുടെ കൊഴിഞ്ഞുപോക്ക് നേതൃത്വത്തെ ആശങ്കയിലാക്കുന്നുണ്ട്.
Story Highlights – kk viswanathan left congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here