കല്‍പറ്റയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാകും

വയനാട്ടിലെ ഏക ജനറല്‍ സീറ്റായ കല്‍പറ്റയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാകുമെന്ന് സൂചന. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്ന മണ്ഡലത്തില്‍ ജില്ലയില്‍ നിന്നുളള സ്ഥാനാര്‍ത്ഥി തന്നെ എത്താനാണ് സാധ്യത കൂടുതല്‍ ഉള്ളത്. സീറ്റ് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടാല്‍ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ കല്‍പ്പറ്റയും ഉള്‍പ്പെട്ടേക്കും.
കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍, ടി സിദ്ദിഖ് എന്നിവര്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച മണ്ഡലത്തില്‍ ജില്ലയില്‍ നിന്നുളള സ്ഥാനാര്‍ത്ഥി തന്നെ വേണമെന്നാണ് മിക്ക പ്രവര്‍ത്തകരുടേയും ആവശ്യം.
ക്രൈസ്തവ മേലധ്യക്ഷന്മാരുടെ ശക്തമായ സമ്മര്‍ദം കല്‍പറ്റ സീറ്റ് സംബന്ധിച്ച് യുഡിഎഫിനുണ്ട്. ഇത് അംഗീകരിക്കപ്പെട്ടാല്‍ മുന്‍ എംഎല്‍എ എന്‍ഡി അപ്പച്ചന്‍ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത കൂടുതല്‍ ഉള്ളത്. ജില്ലയില്‍ നിന്നുളളവരുടെ പരിഗണനാ പട്ടികയില്‍ കെ സി റോസക്കുട്ടി ഉള്‍പ്പെടെ ഉള്‍പ്പെട്ടിരുന്നെങ്കിലും മാനന്തവാടിയില്‍ പി കെ ജയലക്ഷ്മി വീണ്ടും മത്സരിക്കുമെന്നതിനാല്‍ ജില്ലയില്‍ നിന്ന് രണ്ട് വനിതകളുണ്ടാകാന്‍ സാധ്യത കുറവാണ്.
Read Also : സീറ്റുവിഭജന- സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടി യുഡിഎഫ്
തര്‍ക്കങ്ങള്‍ പരിഹരിക്കാനായാല്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ കല്‍പറ്റ കൂടി ഉള്‍പ്പെടുത്തി പ്രഖ്യാപനം വേണമെന്നാണ് കെപിസിസി ആവശ്യം. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിന്റെ ആസ്ഥാനമെന്ന നിലയില്‍ കല്‍പറ്റയിലെ സ്ഥാനാര്‍ത്ഥിത്വത്തിന് രാഹുല്‍ ക്യാമ്പിന്റെ അനുമതി കൂടി തേടേണ്ടി വരും.
ഇതിനിടെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് രാജി വച്ച ഡിസിസി സെക്രട്ടറി പി കെ അനില്‍ കുമാറിന് പിന്നാലെ മറ്റൊരു പ്രമുഖ നേതാവിനെക്കൂടി മറുകണ്ടം ചാടിക്കാനുളള നീക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നുവെന്നാണ് ലഭിക്കുന്ന സൂചനകള്‍.
Story Highlights – kalpatta, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here