ഗൂഗിളും ഫേസ്ബുക്കും റിലയൻസുമായി ഒത്തുചേരുന്നു; അണിയറയിൽ ഒരുങ്ങുന്നത് പുതിയ ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനം

പുതിയ ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനവുമായി റിലയൻസ്. ടെക് ഭീമന്മാരായ ഗൂഗിളിൻ്റെയും ഫേസ്ബുക്കിൻ്റെയും പങ്കാളിത്തത്തോടെയാണ് യുപിഐക്ക് സമാനമായ പുതിയ ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനം ഒരുക്കാൻ റിലയൻസ് തയ്യാറെടുക്കുന്നത്. ന്യൂ അംബർലാ എന്റിറ്റി (NUE) എന്ന പുതിയ നെറ്റ്‌വർക്ക് ആശയമാണ് ഇവർ മുന്നോട്ടുവച്ചിരിക്കുന്നത്.
ഇന്ത്യയിൽ വളർന്നുവരുന്ന ഡിജിറ്റൽ പേയ്മെൻ്റ് ലക്ഷ്യം വച്ചാണ് പുതിയ നീക്കം. റിലയൻസും ഇൻഫിബീം അവന്യു ലിമിറ്റഡിന്റെ ഉപസ്ഥാപനമായ സോ ഹം ഭാരതും ചേർന്നാണ് എൻയുഇക്ക് രൂപം നൽകുന്നത്. പദ്ധതി നിർദ്ദേശം ആർബിഐക്ക് സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. പദ്ധതി ഓഹരിയുടെ വലിയ ഭാഗവും റിലയൻസിൻ്റെ കൈവശമാവും. ഗൂഗിളിനും ഫേസ്ബുക്കിനും 20 ശതമാനത്തിൽ താഴെ ഓഹരികളേ ഉണ്ടാവൂ. കഴിഞ്ഞ ഏതാനും മാസങ്ങളായി കമ്പനി പ്രതിനിധികൾ റിസർവ് ബാങ്ക് അധികൃതരുമായി പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. നിർദ്ദേശങ്ങൾ പഠിക്കാൻ റിസർവ് ബാങ്ക് 6 മാസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഗൂഗിളിൻ്റെയും ഫേസ്ബുക്കിൻ്റെയും ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനങ്ങൾ യുപിഐ അധിഷ്ടിതമാക്കി ഉള്ളതാണ്.
ഇവരെ കൂടാതെ ഐസിഐസി ബാങ്ക് ആമസോണിനൊപ്പവും പേടിഎം ഇൻഡസ് ഇൻഡ് ബാങ്കിനൊപ്പം എൻയുഇ ലൈസൻസിന് അപേക്ഷിച്ചിട്ടുണ്ട്. ടാറ്റയും ലൈസൻസ് അപേക്ഷിച്ചവരിൽ ഉണ്ട്. കൊടാക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്കുകളാണ് ടാറ്റയ്ക്കൊപ്പമുള്ളത്. രണ്ട് എൻയുഇ ലൈസൻസുകളിൽ കൂടുതൽ ആർബിഐ അനുവദിക്കില്ലെന്നാണ് സൂചന.
Story Highlights – Reliance Partners With Google, Facebook for Digital Payment Network
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here