Advertisement

വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനൽ: കേരളത്തിന് വീണ്ടും കർണാടകയുടെ ഷോക്ക്; തോൽവി 80 റൺസിന്

March 8, 2021
2 minutes Read
hazare quarter karnataka kerala

വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളത്തിനെതിരെ കർണാടകയ്ക്ക് കൂറ്റൻ ജയം. 80 റൺസിനാണ് സി ഗ്രൂപ്പ് ചാമ്പ്യന്മാർ കേരളത്തെ കീഴ്പ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത കർണാടക നിശ്ചിത 50 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 338 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം 43.4 ഓവറിൽ 258 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. കർണാടകയ്ക്കായി ക്യാപ്റ്റൻ രവികുമാർ സമർത്ഥ് (192), ദേവ്ദത്ത് പടിക്കൽ (101) എന്നിവർ സെഞ്ചുറി നേടി. 92 റൺസെടുത്ത വത്സൽ ഗോവിന്ദാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. മുഹമ്മദ് അസ്‌ഹറുദ്ദീനും (52) മികച്ച പ്രകടനം നടത്തി. ഗ്രൂപ്പ് ഘട്ടത്തിൽ കേരളം പരാജയപ്പെട്ടത് കർണാടകയോട് മാത്രമായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത കർണാടകയുടെ ആദ്യ വിക്കറ്റ് വീഴുന്നത് 42.4 ഓവറിലാണ്. 249 റൺസായിരുന്നു അപ്പോൾ സ്കോർബോർഡിൽ ഉണ്ടായിരുന്നത്. പിന്നാലെ, കൂറ്റൻ ഷോട്ടുകൾ കളിക്കാനുള്ള ശ്രമത്തിനിടെ വേഗത്തിൽ മറ്റ് മൂന്ന് വിക്കറ്റുകൾ കൂടി അവർക്ക് നഷ്ടമായി. ബാസിൽ എൻപിയാണ് എല്ലാ വിക്കറ്റുകളും സ്വന്തമാക്കിയത്. 20 പന്തിൽ 34 റൺസ് എടുത്ത് മനീഷ് പാണ്ഡെ പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ടൂർണമെൻ്റിൽ കേരളത്തിൻ്റെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ റോബിൻ ഉത്തപ്പ (2) നാലാം ഓവറിൽ തന്നെ പുറത്തായി. രോഹൻ കുന്നുമ്മൽ (0) സ്കോർബോർഡിൽ ചലനങ്ങൾ ഉണ്ടാക്കാതെ മടങ്ങി. വിഷ്ണു വിനോദ് (28) കൂടി മടങ്ങിയതോടെ കേരളം ബാക്ക്ഫൂട്ടിലായി. എന്നാൽ, നാലാം വിക്കറ്റിൽ ഒത്തുചേർന്ന സച്ചിൻ ബേബി-വത്സൽ ഗോവിന്ദ് സഖ്യം കേരളത്തെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 59 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്.

സച്ചിൻ ബേബി (27) പുറത്തായതിനു പിന്നാലെ എത്തിയ അസ്‌ഹറുദ്ദീൻ ടി-20 മോഡിലായിരുന്നു. അനായാസം റൺസ് കണ്ടെത്തിയ അസ്‌ഹർ മത്സരത്തിൽ ആദ്യമായി കേരളത്തിന് മേൽക്കൈ നൽകി. ഫിഫ്റ്റിക്ക് ശേഷം വത്സൽ ഗിയർ മാറ്റുക കൂടി ചെയ്തതോടെ കേരളം കുതിച്ചു. എന്നാൽ, ഫിഫ്റ്റിക്ക് പിന്നാലെ അസ്‌ഹർ മടങ്ങിയത് കേരളത്തിനു വീണ്ടും തിരിച്ചടിയായി. 34 പന്തിൽ 52 എടുത്താണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം മടങ്ങിയത്. വത്സലിനൊപ്പം 92 റൺസിൻ്റെ മികച്ച കൂട്ടുകെട്ടിലും താരം പങ്കാളിയായി. അക്ഷയ് ചന്ദ്രൻ (9) വേഗം മടങ്ങി. ഇതിനിടെ സെഞ്ചുറിക്ക് 8 റൺസ് അകലെ വത്സൽ ഗോവിന്ദും വീണു. ബേസിൽ തമ്പി (2), ശ്രീശാന്ത് (4) എന്നിവർ ചെറുത്തുനില്പുകളില്ലാതെ കീഴടങ്ങി. ജലജ് സക്സേന (24) ആണ് അവസാനമായി പുറത്തായത്. ബാസിൽ എൻപി (10) പുറത്താവാതെ നിന്നു.

Story Highlights – vijay hazare trophy quarter final karnataka defeated kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top