രാഷ്ട്രീയ കാരണങ്ങളാൽ സിനിമയിൽ നിന്നൊഴിവാക്കി എന്ന ആരോപണം; കൃഷ്ണകുമാറിനെ തള്ളി അഹാന

പൃഥ്വിരാജ് നായകനായ ഭ്രമം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നടി അഹാന കൃഷ്ണകുമാർ. അഹാനയെ സിനിമയിൽ നിന്ന് ഒഴിവാക്കിയത് താൻ ബിജെപി പ്രവർത്തകൻ ആയതുകൊണ്ടാണെന്ന് നടനും അഹാനയുടെ പിതാവുമായ കൃഷ്ണകുമാർ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെ അഹാന തള്ളി. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത സ്റ്റോറിയിലാണ് അഹാനയുടെ വെളിപ്പെടുത്തൽ.
“രണ്ടു ദിവസമായി ഞാനുമായി ബന്ധപ്പെട്ട ഒരു അനാവശ്യ വാർത്ത നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. എനിക്കതിൽ യാതൊരു പങ്കുമില്ല. ദയവ് ചെയ്ത് എന്നെ ഇതിൽ നിന്നും ഒഴിവാക്കുക. ഞാനൊന്നും പറഞ്ഞിട്ടില്ല. ഞാൻ ആരെക്കുറിച്ചും ഒന്നും പറഞ്ഞിട്ടില്ല. ഞാൻ ആരെയും കുറ്റപ്പെടുത്തിയിട്ടുമില്ല. ഞാൻ ആ സിനിമയിലേ ഇല്ല. ഇതിൽ സംസാരിച്ചിരിക്കുന്ന ആളുകൾ ചിലപ്പോൾ ഞാനുമായി ബന്ധപ്പെട്ടവരാവാം. അതൊക്കെ അവരുടെ അഭിപ്രായമാണ്. അതുവെച്ച് എന്നെ അളക്കരുത്. എനിക്ക് ഈ നാടകത്തിൽ ഒരു പങ്കുമില്ല.”- അഹാന പറഞ്ഞു.
താൻ പൃഥ്വിരാജിൻറെ കടുത്ത ആരാധികയാണെന്നും അഹാന പറഞ്ഞു. താൻ എപ്പോഴും അദ്ദേഹത്തിൻറെ ഫാനാണ്. തൻറെ ചിത്രങ്ങൾ വച്ച് അനാവശ്യമായ ഇത്തരം വാർത്തകൾ വരുന്നത് കാണുമ്പോൾ ബുദ്ധിമുട്ടുണ്ട്. ദയവു ചെയ്ത് അത് തള്ളിക്കളയുക. വേറൊരു വ്യക്തി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എന്നെ വച്ച് വാർത്തയാക്കരുത്. ആ പ്രോജക്ടുമായി ബന്ധപ്പെട്ട് സംഭവിച്ചതെല്ലാം പ്രൊഫഷന്റെ ഭാഗമാണ്. അതിന്റെ പേരിൽ കുറച്ചുപേർ പൃഥ്വിരാജിനെ കുറ്റപ്പെടുത്തുന്നുണ്ട്. നിങ്ങൾക്കൊന്നും വേറെ പണിയില്ലേ എന്നാണ് എനിക്കവരോട് ചോദിക്കാനുളളതെന്നും അഹാന പറഞ്ഞു.
ആയുഷ്മാൻ ഖുറാന നായകനായ സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം അന്ധാദുൻ്റെ റീമേക്ക് ആണ് ഭ്രമം. കെവി ചന്ദ്രനാണ് ഭ്രമം സംവിധാനം ചെയ്യുന്നത്. അഹാനയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടല്ലെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു.
Story Highlights – ahaana krishnakumar denies krishnakumars allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here