സ്വദേശികളും വിദേശികളും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം; രജിസ്റ്റര്‍ ചെയ്യേണ്ട രീതി വിശദമായി അറിയാം

സ്വദേശികളും വിദേശികളും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഓര്‍മിപ്പിച്ചു. സിഹത്തി എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് വാക്‌സിന്‍ സ്വീകരിക്കാനുള്ള അപ്പോയിന്‍മെന്റ് എടുക്കേണ്ടത്. ഇതിന് സിഹത്തി ആപ്പ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് റജിസ്റ്റര്‍ ചെയ്യണം. ഈ ആപ്പ് ഓപ്പണ്‍ ആക്കുമ്പോള്‍ കാണുന്ന കൊവിഡ് 19 വാക്‌സിന്‍ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. ശേഷം സ്‌ക്രീനില്‍ നമ്മുടെ പേരിനോടൊപ്പം കാണുന്ന ബുക്ക് അപ്പോയിന്‍മെന്റ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യണം..
അപ്പോള്‍ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ കാണാം. ഈ നിര്‍ദേശങ്ങള്‍ക്ക് താഴെ കാണുന്ന ‘ബുക്ക് കൊവിഡ് 19 വാക്‌സിന്‍ അപ്പോയിന്‍മെന്റ്’ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം. ശ്വാസ തടസമോ, ഉയര്‍ന്ന താപനിലയോ ഉണ്ടോ, കഴിഞ്ഞ 14 ദിവസത്തിനിടെ കൊവിഡ് ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടോ, അലര്‍ജി ഉണ്ടോ, കഴിഞ്ഞ 90 ദിവസത്തിനിടയില്‍ കൊവിഡ് ബാധിച്ചിരുന്നോ എന്നീ നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി കഴിഞ്ഞാല്‍ നമുക്ക് സമീപത്തുള്ള കൊവിഡ് വാക്‌സിന്‍ കേന്ദ്രങ്ങളുടെ ലിസ്റ്റ് കാണാം. ഇതില്‍ അനുയോജ്യമായ കേന്ദ്രം തെരഞ്ഞെടുക്കുക. പിന്നീട് കാണുന്ന സ്‌ക്രീനില്‍ നിന്നു വാക്‌സിന്‍ സ്വീകരിക്കാന്‍ അനുയോജ്യമായ ദിവസം തെരഞ്ഞെടുക്കുക.
അപ്പോള്‍ താഴെ, ലഭ്യമായ ടൈം സ്ലോട്ടുകള്‍ കാണാം. അനുയോജ്യമായ സമയം സെലക്ട് ചെയ്യുന്നതോടെ അപ്പോയിന്‍മെന്റിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. അപോയിന്‍മെന്റ് കണ്‍ഫേം ചെയ്തതായി മൊബൈലിലേക്ക് എസ്എംഎസ് ലഭിക്കുകയും ചെയ്യും. കൂട്ടത്തില്‍ രണ്ടാമത്തെ ഡോസ് എടുക്കേണ്ട കേന്ദ്രവും തിയതിയും സമയവും ആപ്ലിക്കേഷനില്‍ കാണാം. വാക്‌സിന്‍ സ്വീകരിക്കേണ്ട കേന്ദ്രത്തില്‍ എത്തിപ്പെടാനുള്ള ലൊക്കേഷന്‍ മാപ്പും ആപ്പില്‍ തന്നെ ലഭിക്കും. കണ്‍ഫേം ചെയ്ത അപ്പോയിന്‍മെന്റ് ക്യാന്‍സല്‍ ചെയ്യാനും ഇതേ ആപ്ലിക്കേഷനില്‍ സൗകര്യമുണ്ട്. സ്വദേശികളും വിദേശികളും നിര്‍ബന്ധമായും വാക്‌സിന് സ്വീകരിക്കണമെന്നും വാക്‌സിന്‍ സൗജ്യമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Story Highlights – covid vaccine – Saudi Ministry of Health
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here