മണി ഹെയ്‌സ്റ്റ് അഞ്ചാം സീസൺ, കാത്തിരിപ്പിന് വിരാമമാകുമോ ?

ലോകത്തിലെ ഏറ്റവും ജനപ്രിയ വെബ്‌സീരീസുകളിലൊന്നാണ് മണി ഹെയ്‌സ്റ്റ്. മണി ഹെയ്‌സ്‌റ്റിന്റെ അഞ്ചാം ഭാഗത്തിനായുള്ള നീണ്ട കാത്തിരിപ്പിലാണ് ആരാധകർ. ഫെബ്രുവരിയിൽ റിലീസ് ഉണ്ടെന്നായിരുന്നു തുടക്കത്തിൽ വന്ന അഭ്യൂഹങ്ങൾ. എന്നാൽ അത് സംഭവിച്ചില്ല. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇനിയും പൂർത്തിയാവാത്തതിനാൽ റിലീസ് വൈകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
10 എപ്പിസോഡുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹെയ്‌സ്റ്റിന് അവസാനമാകും. സീരീസിലെ ഏറ്റവും സംഘർഷഭരിതമായ എപ്പിസോഡുകൾക്ക് വേണ്ടിയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 2017 ലാണ് മണി ഹെയ്‌സ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. സ്പാനീഷ് ഭാഷയിൽ ഒരുക്കിയ ഈ സീരീസ് ലാ കാസ ഡി പാപ്പൽ എന്ന പേരിൽ ആന്റിന 3 എന്ന സ്പാനീഷ് ടെലിവിഷൻ നെറ്റ്‌വർക്കിലൂടെയാണ് ആദ്യമായി പുറത്തിറങ്ങിയത്.
5 എപ്പിസോഡുകളിലായി പുറത്തിറങ്ങിയ സീരീസ് സ്പെയിനിൽ വൻ പരാജയമായി തീർന്നു. അതുകൊണ്ട് തന്നെ ഇതിനൊരു തുടർഭാഗം അണിയറ പ്രവർത്തകൻ ആരും ചിന്തിച്ചിരുന്നില്ല. എന്നാൽ നെറ്റ്ഫ്ലിക്സ് സീരീസ് ഏറ്റെടുത്ത്, ഇംഗ്ലീഷിൽ ഡബ്ബ് ചെയ്ത് മണി ഹെയ്‌സ്റ്റ് എന്ന പേരിൽ പുറത്തിറക്കി. താമസിക്കാതെ മണി ഹെയ്‌സ്റ്റ് ലോകത്താകെ തരംഗമായി.
2020 ൽ നാലാം സീസണിൽ എത്തിയപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള സീരീസുകളുടെ പട്ടികയിൽ മുൻനിരയിൽ മണി ഹെയ്‌സ്റ്റ് എത്തി. ഈ പട്ടികയിലെത്തുന്ന ഇംഗ്ലീഷ് ഭാഷയ്ക്ക് പുറത്തുള്ള ആദ്യ സ്പാനീഷ് സീരീസ് കൂടിയാണ് മണി ഹെയ്‌സ്റ്റ്.
Story Highlights – Money heist season 5
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here