തകർപ്പൻ ബൗളിംഗുമായി ഇംഗ്ലണ്ട്; പൊരുതിക്കളിച്ച് ശ്രേയാസ് അയ്യർ; ഇംഗ്ലണ്ടിന് റൺസ് 125 വിജയലക്ഷ്യം

ഇന്ത്യക്കെതിരായ ആദ്യ ടി-20 മത്സരത്തിൽ ഇംഗ്ലണ്ടിന് 125 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 124 റൺസ് നേടി. 67 റൺസ് നേടിയ ശ്രേയാസ് അയ്യരാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഇംഗ്ലണ്ടിനു വേണ്ടി ജോഫ്ര ആർച്ചർ 3 വിക്കറ്റ് വീഴ്ത്തി.
ടൈറ്റ് ലൈനുകളിൽ പന്തെറിഞ്ഞ ഇംഗ്ലണ്ട് ഇന്ത്യൻ ബാറ്റ്സ്മാന്മാരെ റിസ്ക് എടുക്കാൻ പ്രേരിപ്പിച്ച് വിക്കറ്റ് വീഴ്ത്തുകയായിരുന്നു. ഇന്നിംഗ്സിൻ്റെ രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ജോഫ്ര ആർച്ചറുടെ പന്തിൽ ലോകേഷ് രാഹുൽ (1) പ്ലെയ്ഡ് ഓൺ ആയി മടങ്ങിയപ്പോൾ സ്കോർബോർഡിൽ 2 റൺസ്. ഒരു റൺ കൂടി സ്കോർബോർഡിലെത്തുമ്പോൾ വിരാട് കോലിയും (0) മടങ്ങി. കൂറ്റൻ ഷോട്ടിനു ശ്രമിച്ച കോലിയെ ആദിൽ റഷീദിൻ്റെ പന്തിൽ ക്രിസ് ജോർഡൻ പിടികൂടി. ശിഖർ ധവാൻ (4) മാർക്ക് വുഡിൻ്റെ പന്തിൽ കുറ്റി തെറിച്ച് മടങ്ങി. പവർ പ്ലേയിൽ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 22 റൺസ് എന്ന നിലയിലായിരുന്നു.
നാലാം വിക്കറ്റിൽ ഋഷഭ് പന്തും ശ്രേയാസ് അയ്യരും ചേർന്ന് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ, സ്കോർബോർഡ് ചലിക്കാത്തത് പന്തിനെയും ബാധിച്ചു. 10ആം ഓവറിലെ അവസാന പന്തിൽ പന്ത് (21) സ്റ്റോക്സിൻ്റെ പന്തിൽ ബെയർസ്റ്റോയുടെ കൈകളിൽ അവസാനിച്ചു. ഇന്ത്യ 10 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 48 റൺസ്.
അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ഹർദ്ദിക് പാണ്ഡ്യ-ശ്രേയാസ് അയ്യർ സഖ്യമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 54 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. ഇതിനിടെ ശ്രേയാസ് അർധസെഞ്ചുറിയും തികച്ചു. തൊട്ടുപിന്നാലെ 19 റൺസ് നേടിയ ഹർദ്ദിക് പാണ്ഡ്യ ജോഫ്ര ആർച്ചറുടെ പന്തിൽ ക്രിസ് ജോർഡാനു പിടികൊടുത്ത് മടങ്ങി. അടുത്ത പന്തിൽ ശർദ്ദുൽ താക്കൂർ (0) ഡേവിഡ് മലാൻ്റെ കൈകളിൽ അവസാനിച്ചു. അവസാന ഓവറിലെ മൂന്നാം പന്തിൽ ശ്രേയാസ് അയ്യരെ (67) മലാൻ ഉജ്ജ്വലമായി പിടികൂടി. വാഷിംഗ്ടൺ സുന്ദർ (3), അക്സർ പട്ടേൽ (7) എന്നിവർ പുറത്താവാതെ നിന്നു.
Story Highlights – india 124 for 7 vs england in first t20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here