Advertisement

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം; കുടുംബത്തിന് 27 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

March 13, 2021
1 minute Read

അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസുകാര്‍ ശ്വാസംമുട്ടിച്ച് കൊന്ന സംഭവത്തില്‍ കുടുംബത്തിന് 27 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ലഭിക്കും. മിനിയാപൊളിസ് നഗരസഭയ്ക്ക് എതിരെ ജോര്‍ജ് ഫ്‌ളോയിഡിന്റെ കുടുംബം നടത്തിയ സിവില്‍ കേസിലാണ് ഈ ഒത്തുതീര്‍പ്പ് ഉണ്ടായത്. വ്യവസ്ഥ പ്രകാരം 27 മില്യണ്‍ ഡോളര്‍ അഥവാ 200 കോടിയോളം ഇന്ത്യന്‍ രൂപ കുടുംബത്തിന് ലഭിക്കും.

അതേസമയം സംഭവത്തില്‍ ഉള്‍പ്പെട്ട സെറിക് ഷൗവിന്‍ അടക്കമുള്ള പൊലീസുകാര്‍ക്ക് എതിരെ ക്രിമിനല്‍ കേസ് പുരോഗമിക്കുകയാണ്. കേസില്‍ ജൂറി സെലക്ഷന്‍ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ആദ്യമായാണ് ഒരു ക്രിമിനല്‍ കേസിന് മുന്‍പ് സിവില്‍ കേസ് ഒത്തുതീര്‍പ്പിലാകുന്നത്.

മിനിയാപൊളിസ് നഗരസഭ, പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ്, ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് എതിരെയാണ് സിവില്‍ കേസ് ഉണ്ടായിരുന്നത്. കറുത്ത വര്‍ഗക്കാരുടെ ജീവനും വിലയുണ്ടെന്ന് അറ്റോര്‍ണിമാര്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഫ്‌ളോയിഡിന്റെ മരണത്തെ തുടര്‍ന്നാണ് ലോക ശ്രദ്ധ പിടിച്ചുപറ്റിയ ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’ പ്രക്ഷോഭം ലോകരാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ടത്.

ചെറുകിട ഭക്ഷണശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന ജോര്‍ജ് ഫ്‌ളോയിഡ് (46) കഴിഞ്ഞ ജൂണിലാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ജോര്‍ജിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയായിരുന്നു കൊലപാതകം. നാല് പൊലീസുകാര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തതിന് ശേഷമാണ് ജോര്‍ജിനെ ഇപ്രകാരം കൈകാര്യം ചെയ്തത്. ഷര്‍ട്ട് അഴിച്ച് മാറ്റുകയും റോഡില്‍ കമിഴ്ത്തി കിടത്തുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top