സ്ഥാനാര്‍ത്ഥി പട്ടിക; ബിജെപി കേന്ദ്ര നേതൃത്വം അവസാനവട്ട ചര്‍ച്ചയില്‍

കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയിന്മേല്‍ ബിജെപി കേന്ദ്ര നേതൃത്വം അവസാനവട്ട പരിശോധനയില്‍. സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനും മത്സരിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. നേമത്തിന്റെ സാധ്യതാപട്ടികയില്‍ സുരേഷ് ഗോപിയുടെ പേരും ഉള്‍പ്പെടുത്തി. ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗം വൈകിട്ട് ആറിന് ചേരും.
കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ബിജെപിയും നേമത്തിന്റെ കാര്യത്തില്‍ പുനരാലോചനയിലാണ്. സംസ്ഥാനം നല്‍കിയ സാധ്യതാപട്ടികയില്‍ കുമ്മനത്തിന്റെ പേര് മാത്രമായിരുന്നെങ്കില്‍ നിലവില്‍ സുരേഷ്‌ഗോപിയുടെ പേരും നേമത്ത് പരിഗണിക്കുന്നുണ്ട്. ശോഭാ സുരേന്ദ്രന്‍ മത്സര രംഗത്ത് ഉണ്ടാകണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു. ഇന്നലെ അമിത്ഷായുടെ അധ്യക്ഷതയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തിയായിരിക്കും അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുക.
കേന്ദ്രമന്ത്രി വി. മുരളീധരന്റെ വസതിയില്‍ സംസ്ഥാന – കേന്ദ്ര നേതാക്കള്‍ അവസാനവട്ട കൂടിക്കാഴ്ച നടത്തി. കോന്നിക്ക് പുറമേ മഞ്ചേശ്വരത്തും കെ. സുരേന്ദ്രന്റെ പേര് പരിഗണനയിലുണ്ട്. ആറന്മുളയില്‍ സഭാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് നേതൃത്വത്തിന്റെ ആലോചന. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷം അന്തിമ പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ ആദ്യഘട്ടത്തില്‍ എപ്ലസ് മണ്ഡലങ്ങളിലുള്ള സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കി പട്ടിക പ്രഖ്യാപിക്കാനാണ് സാധ്യത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here