കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം; വിവിധ ഇടങ്ങളില്‍ പ്രാദേശിക പ്രതിഷേധം

കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമഘട്ടത്തിലെത്തിയതോടെ സീറ്റിനെ ചൊല്ലി സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ പരസ്യ കലാപം. തൃപ്പൂണിത്തുറയില്‍ കെ ബാബുവിനെ എതിര്‍ത്തും അനുകൂലിച്ചും പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. വൈപ്പിന്‍, വര്‍ക്കല, ചേലക്കര, പീരുമേട്, പേരാമ്പ്ര, ചാലക്കുടി മണ്ഡലങ്ങളിലും ആഭ്യന്തര ഭിന്നത രൂക്ഷമാണ്.
തൃപ്പൂണിത്തുറയില്‍ കെ ബാബുവിനെതിരെ ആദ്യം പോസ്റ്റര്‍ യുദ്ധമാണ് പൊട്ടിപ്പുറപ്പെട്ടത്. പിന്നാലെ ബാബു അനുകൂലികളുടെ ശക്തിപ്രകടനവും ഉണ്ടായി. കെ ബാബുവിന് സീറ്റ് നല്‍കരുതെന്നാവശ്യപ്പെട്ട് എതിര്‍ ചേരിയും പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങി. മുന്‍ കൊച്ചി ഡെപ്യൂട്ടി മേയര്‍ കെ പ്രേംകുമാറും പ്രതിഷേധത്തിനെത്തി.
വൈപ്പിന്‍ മണ്ഡലത്തില്‍ കെ പി ഹരിദാസിനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങി. കെ പി ഹരിദാസിന് പകരം ദീപക് ജോയിക്ക് അവസരമൊരുങ്ങിയതോടെയാണ് പ്രവര്‍ത്തകരുടെ വികാരം അണ പൊട്ടിയത്. വര്‍ക്കലയില്‍ വര്‍ക്കല കഹാറിനെയും പീരുമേട്ടില്‍ റോയി കെ പൗലോസിനേയും ചേലക്കരയില്‍ കെ വി ദാസനെയും സ്ഥാനാര്‍ത്ഥികളാക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക നേതാക്കള്‍ രംഗത്ത് വന്നു. പീരുമേട് സീറ്റില്‍ പാര്‍ട്ടി അനീതി കാണിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് റോയ് കെ പൗലോസ്.
പേരാമ്പ്ര സീറ്റ് മുസ്‌ലിം ലീഗിനും തൃക്കരിപ്പൂര്‍ സീറ്റ് ജോസഫ് ഗ്രൂപ്പിനും നല്‍കിയതില്‍ പ്രാദേശിക പ്രതിഷേധം ശക്തമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here