ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. രണ്ടു തവണ മാറ്റിവെച്ച ശേഷമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കുന്നത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പരുക്കേറ്റതിനെ തുടര്‍ന്നാണ് ആദ്യം പ്രകടനപത്രിക പുറത്തിറക്കുന്നത് നീട്ടി വെച്ചത്.
കാളിഘട്ടിലെ വസതിയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രകടന പത്രിക പുറത്തിറക്കും. സ്ത്രീ സുരക്ഷ, തൊഴില്‍, കാര്‍ഷികം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കിയാകും പ്രകടനപത്രിക എന്ന് തൃണമൂല്‍ നേതൃത്വം അറിയിച്ചു.
അതേസമയം, സീറ്റ് തര്‍ക്കം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം വിളിച്ച യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ, സീറ്റ് ലഭിക്കാത്ത നേതാക്കളും അണികളും കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് സമിതി ഓഫീസിന് മുന്നില്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍. ദിലീപ് ഘോഷ്, മുഗള്‍ റോയ് തുടങ്ങിയ നേതാക്കളോട് അടിയന്തരമായി ഡല്‍ഹിയില്‍ എത്താനാണ് കേന്ദ്ര നേതാക്കള്‍ ആവശ്യപ്പെട്ടത്.
ബിജെപിയുടെ രാഷ്ട്രീയ ഇടപെടല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പ്രതിഷേധിക്കുമെന്ന് മമതാ ബാനര്‍ജി മുന്നറിയിപ്പുനല്‍കി. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ചേര്‍ന്നു നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മമതാ ബാനര്‍ജിക്ക് മറുപടി നല്‍കി. നന്ദിഗ്രാമില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ സ്വീകരിച്ച നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മമത ബാനര്‍ജിയെ രേഖാമൂലം അറിയിച്ചു.
നന്ദിഗ്രാം സംഭവത്തില്‍ മുന്‍ സുരക്ഷാ ഡയറക്ടര്‍ വിവേക് സഹായി നിസഹായനാണ് എന്നു മമത തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി. അടുത്ത ഒരാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമബംഗാളില്‍ നാല് തെരഞ്ഞെടുപ്പ് റാലികള്‍ നടത്തും.
Story Highlights -Trinamool Congress manifesto
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here