പ്രതിപക്ഷം നിരാശയിൽ; ജനങ്ങളുടെ പ്രതീക്ഷ എൽഡിഎഫിലെന്ന് മുഖ്യമന്ത്രി

ഇടതുപക്ഷത്തെ നേരിടാൻ നേരായ മാർഗങ്ങൾ ഇല്ലാത്തതിനാൽ പ്രതിപക്ഷം അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രചാരണത്തിൽ ഏറെ പിന്നോട്ടുപോയ പ്രതിപക്ഷം നിരാശയിലാണ്. ജനങ്ങളുടെ പ്രതീക്ഷ എൽഡിഎഫിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസനം മറച്ചുവയ്ക്കാൻ കഴിയുന്നതല്ല. പ്രത്യക്ഷത്തിൽ തന്നെ നാട് മാറുന്നു എന്ന ബോധ്യം ജനങ്ങൾക്കുണ്ടായി. ജനങ്ങൾ ഏറ്റവും പ്രയാസപ്പെട്ട ഘട്ടങ്ങളിലൂടെ കടന്നുവന്നു. എന്നാൽ അതിന്റെ ബുദ്ധിമുട്ട് കേരളത്തിലെ ജനങ്ങൾക്ക് അനുഭവിക്കേണ്ടി വന്നില്ല. അതിന് കാരണം ജനങ്ങൾക്കൊപ്പം സർക്കാർ ചേർന്നു നിന്നതാണ്. അനുഭവത്തിലൂടെ ജനങ്ങൾക്ക് അത് ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം ഒട്ടും മാറില്ല, ഒരു പുരോഗതിയിലും ഉണ്ടാകില്ല എന്ന പഴയ ധാരണ തിരുത്താൻ കഴിഞ്ഞു. സംസ്ഥാനത്തിന് പുരോഗതി ആർജിക്കാൻ കഴിഞ്ഞു. പദ്ധതികൾ മുന്നോട്ടുപോകണം എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. എല്ലാ പ്രദേശങ്ങളിലും വികസനം എത്തണമെന്ന് ജനം ആഗ്രഹിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷക്കാലം നാട്ടിൽ നടന്ന വികസന പ്രവർത്തനങ്ങൾ കൂടുതൽ മികച്ച രീതിയിൽ തുടരാനാകണം എന്നാണ് ജനങ്ങളുടെ ആഗ്രഹം. നാടിന്റെ വികസനം, ക്ഷേമം മുതലായവ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കേ സാധ്യമാക്കാൻ കഴിയൂ എന്ന് ജനം കരുതുന്നു. ജനങ്ങളുടെ പിന്തുണ വർധിച്ചു. വികസനത്തെ കുറിച്ച് പറയുമ്പോൾ ഇടത് സർക്കാർ രാഷ്ട്രീയത്തിൽ നിന്ന് വേറിട്ട് നിൽക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Story Highlights -Pinarayi vijayan, Assembly election 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top