‘കൃഷ്ണൻ കുട്ടി പണിതുടങ്ങി’; സൂരജ് ടോമിന്റെ ഹൊറർ ചിത്രം: ട്രെയിലർ വൈറൽ

സൂരജ് ടോം സംവിധാനം ചെയ്യുന്ന ‘കൃഷ്ണൻ കുട്ടി പണിതുടങ്ങി’ എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. പേര് കേട്ടാൽ ഹാസ്യചിത്രമെന്ന് തോന്നുമെങ്കിലും ഹൊറർ സിനിമയാണ് കൃഷ്ണൻ കുട്ടി പണിതുടങ്ങി. ചിത്രത്തിൻ്റെ ആകെ സ്വഭാവം ട്രെയിലറിൽ കാണിക്കുന്നുണ്ട്. ഏപ്രിൽ 11ന് സീ കേരളം ചാനലിൽ ടെലിവിഷൻ പ്രീമിയറായി ചിത്രം എത്തും. അന്ന് മുതൽ ഒടിടി പ്ലാറ്റ്ഫോമായ സീ5ലും ചിത്രം കാണാം.
കാടിനു നടുവിലുള്ള ഒരു വീട്ടിൽ എത്തിപ്പെടുന്ന ഉണ്ണികൃഷ്ണനും ആ വീട്ടിലെ ബിയാട്രിസുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങൾ. ഇരുവരുടെയും ജീവിതങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാനിയ ഇയ്യപ്പൻ, വിജിലേഷ്, സന്തോഷ് ദാമോദർ, ധർമജൻ ബോൾഗാട്ടി തുടങ്ങിയ താരങ്ങളും സിനിമയിൽ അണിനിരക്കുന്നു.
പാ.വ., എൻ്റെ മെഴുതിരി അത്താഴങ്ങൾ എന്നീ ചിത്രങ്ങൾക്കു ശേഷം സൂരജ് ടോം അണിയിച്ചൊരുക്കുന്ന ചിത്രമാണ് കൃഷ്ണൻ കുട്ടി പണിതുടങ്ങി. സംഗീത സംവിധായകൻ കൂടിയായ ആനന്ദ് മധുസൂധനനാണ് ചിത്രത്തിന് കഥയും തിരക്കഥയും സംഗീതവും ഒരുക്കിയിരിക്കുന്നത്. നോബിൾ ജോസ് ആണ് നിർമ്മാണം. ജിത്തു ദാമോദർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. കിരൺ ദാസ് ആണ് എഡിറ്റിംഗ്.
Story Highlights – Krishnankutty Pani Thudangi Trailer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here