‘മട്ടൺ കറി’ ഷോർട്ട് ഫിലിം വിവാദം മുറുകുന്നു; ഭീഷണിയെ തുടർന്ന് പേര് മാറ്റി; ചിത്രം ഇന്ന് റിലീസ്

പേരുമായി ബന്ധപ്പെട്ട് ബ്രാഹ്മണ സഭ പ്രതിഷേധമറിയിച്ച പട്ടരുടെ മട്ടൺ കറി എന്ന ഹ്രസ്വചിത്രവുമായി ബന്ധപ്പെട്ട വിവാദം മുറുകുന്നു. ചിത്രത്തിൻ്റെ പേര് മാറ്റി എന്നാണ് അറിയാൻ കഴിയുന്നത്. രാജ്യത്തിൻ്റെ പല ഭാഗത്തുനിന്നും ഭീഷണി സന്ദേശങ്ങൾ ലഭിച്ചു എന്നും അതിനാൽ സംവിധായകനും അണിയറ പ്രവർത്തകരും മൊബൈൽ ഫോണുകൾ രണ്ട് ദിവസമായി സ്വിച്ചോഫ് ചെയ്തിരിക്കുകയാണെന്നും ചിത്രത്തിൻ്റെ ഗ്രാഫിക്സ് കൈകാര്യം ചെയ്ത രാഗേഷ് വിജയ് പറഞ്ഞു.
Read Also : ‘പട്ടരുടെ മട്ടൻ കറി’; സിനിമാപ്പേരിനെതിരെ കേരള ബ്രാഹ്മണ സഭ
കാസ്കേഡ് ഫിലിംസിൻ്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രം എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, കാസ്കേഡ് ഫിലിംസ് ഇതിൻ്റെ നിർമ്മാണത്തിൽ പങ്കായിട്ടില്ല എന്ന് രാഗേഷ് 24നോട് പറഞ്ഞു. ബ്രാഹ്മണ സഭയ്ക്ക് പിന്നാലെ യോഗക്ഷേമ സഭയും ചിത്രത്തിനെതിരെ നോട്ടീസ് അയച്ചിട്ടുണ്ട്. രാജ്യത്തിൻ്റെ പല ഭാഗത്തു നിന്നുമാണ് ഭീഷണി സന്ദേശങ്ങൾ എത്തുന്നത്. ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡൻ്റ് കരിമ്പുഴ രാമനുമായി സംസാരിച്ചപ്പോൾ ചിത്രത്തിൻ്റെ പേര് മാറ്റണം എന്നാവശ്യപ്പെട്ടു. ഒരു കൂട്ടം ചെറുപ്പക്കാരുടെ ഒരുപാട് നാളത്തെ സ്വപ്നമാണ് ഇത്. ഇത്രയധികം ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനാൽ ചിത്രം റിലീസ് ചെയ്യണോ എന്ന സംശയത്തിലായിരുന്നു എന്നും രാഗേഷ് 24 നോട് പറഞ്ഞു.
പട്ടർ എന്ന് പോലും അഭിസംബോധന ചെയ്യാൻ പാടില്ല എന്ന് ബ്രാഹ്മണ സഭാ സംസ്ഥാന പ്രസിഡൻ്റ് കരിമ്പുഴ രാമൻ പറഞ്ഞു എന്ന് രാഗേഷ് പറയുന്നു. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം ട്വൻ്റിഫോറിനു ലഭിച്ചു. പട്ടരുടെ മട്ടൻ കറി എന്ന പേരിനു പകരം പ്രകോപനപരമായ മറ്റൊരു പേര് നിർദ്ദേശിച്ചിട്ട് അങ്ങനെ പേര് മാറ്റി ധൈര്യമുണ്ടെങ്കിൽ ചിത്രം റിലീസ് ചെയ്യൂ എന്ന് കരിമ്പുഴ രാമൻ പറയുന്നു. ചിത്രം പുറത്തിറക്കിയാൽ ഹൈക്കോടതിൽ കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം പറയുന്നു. ലീഗലി നമ്മൾ നല്ല സ്ട്രോങ്ങാ. ഡയറക്ടർ തെറ്റ് പറ്റിയെന്നാണ് പറഞ്ഞത്. ധൈര്യമുണ്ടെങ്കിൽ ചിത്രം റിലീസ് ചെയ്യൂ എന്നും അദ്ദേഹം പറഞ്ഞതായി ഓഡിയോ ക്ലിപ്പിൽ കേൾക്കാം.
ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് യൂട്യൂബിലൂടെ ചിത്രം പുറത്തിറങ്ങുമെന്നാണ് അറിവ്.
Story Highlights – pattarude mutton curry short film controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here