ഏഴ് പതിറ്റാണ്ടായി തെരഞ്ഞെടുപ്പ് കാലത്ത് ചെങ്കൊടികള്‍ മാത്രം തുന്നുന്ന ‘തങ്കന് ചേട്ടന്’

തെരഞ്ഞെടുപ്പ് കാലമായാല്‍ നാട്ടിലെ തയ്യല്‍കാര്‍ക്ക് കൊടിതോരണങ്ങള്‍ തുന്നുന്ന തിരക്കാണ്. എന്നാല്‍ സൗജന്യമായി ഈ സേവനം ചെയ്യുന്ന ഒരാളുണ്ട് കോട്ടയം വേളൂരില്‍. ഏഴ് പതിറ്റാണ്ടായി തെരഞ്ഞെടുപ്പ് കാലത്ത് ചെങ്കൊടികള്‍ മാത്രം തുന്നുന്ന തങ്കന്.
പന്ത്രണ്ടാം വയസില്‍ തുന്നല്‍ ജോലികള്‍ ആരംഭിച്ചതാണ് തങ്കന് ചേട്ടന്. കഴിഞ്ഞ എഴുപതു വര്‍ഷം തയ്ച്ചു നല്കിയ എണ്ണമറ്റ ചെങ്കൊടികള്‍ക്കും തോരണങ്ങള്‍ക്കും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല. മറ്റൊരു പാര്‍ട്ടിക്കും ഇവിടെ കൊടികള്‍ തയ്ച്ച് നല്‍കില്ല.
എത്ര രൂപ നല്കിയാലും മറ്റ് പാര്‍ട്ടികള്‍ക്ക് തയ്ച്ച് നല്‍കില്ല. ഈ പാര്‍ട്ടി എന്റെ ജീവനാണെന്നും തങ്കന് ചേട്ടന് പറയുന്നു. ചുറ്റിക, അരിവാള്‍ നക്ഷത്രമുള്ള നൂറുകണക്കിന് ചെങ്കൊടികളാണ് തെരഞ്ഞെടുപ്പ് കാലത്ത് ദിവസേന ഇവിടെ തുന്നി നല്‍കുന്നത്. ഇതിന് വേണ്ട നൂലിന്റെ ചെലവ് സ്വന്തം പോക്കറ്റില്‍ നിന്നാണ്. കാരണം പാര്‍ട്ടി എന്നാല്‍ തങ്കന് ജീവശ്വാസമാണ്.
ജോലി ചെയ്ത് ഇഷ്ടംപോലെ കാശ് ഉണ്ടാക്കി. ആ കാശ് മുഴുവന്‍ പാര്‍ട്ടിക്ക് വേണ്ടി വിനിയോഗിച്ചുവെന്നും തങ്കന് ചേട്ടന് പറയുന്നു. എകെജി, പി. കൃഷ്ണപിള്ള, ഇഎംഎസ്, ഇ.കെ. നായനാര്‍, എന്നിവരുടെ ചിത്രങ്ങളാണ് ഈ ചെറിയ തയ്യല്‍ കടയില്‍ നിറയെ. അവിവാഹിതനായ തങ്കന് ചേട്ടന്റെ താമസം സഹോദരിയോടൊപ്പമാണ്. എണ്‍പത്തിമൂന്നാം വയസ്സിലും ഒന്ന് മാത്രമാണ് ആഗ്രഹം. മരിക്കുന്നതുവരെ ചെങ്കൊടികളും തോരണങ്ങളും തയ്ക്കും….
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here