കോൺഗ്രസ് ഹൈക്കമാൻഡിനെ കോടതി കയറ്റാൻ ശ്രമം നടത്തിയും നേതാവാകാം

പാർട്ടിയിൽ നേതൃസ്ഥാനം ലഭിക്കാൻ എന്തൊക്കെ ചെയ്യണം? വർഷങ്ങളുടെ പ്രവർത്തന പരിചയം വേണം, അണികളുടെ വിശ്വാസം ആർജിക്കണം, നല്ല സംഘാടകനായി പേരെടുക്കണം അങ്ങനെ നീളും. എന്നാൽ അതൊക്കെ പഴങ്കഥ. ഇപ്പൊ ട്രൻഡ് മാറി. കോൺഗ്രസ് ഹൈക്കമാൻഡിനെ കോടതി കയറ്റാൻ ശ്രമം നടത്തിയും നേതാവാകാം. അത്തരം ഒരു സംഭവമാണ് തിരുവനന്തപുരത്തു നിന്ന് റിപ്പോർട്ട് ചെയ്യുന്നത്.
തിരുവനന്തപുരം വട്ടിയൂർക്കാവ് കേന്ദ്രീകരിച്ചാണ് സംഭവം. കോൺഗ്രസിന്റെ ബൂത്ത് ഭാരവാഹി പോലും ആയിട്ടില്ലാത്ത കർഷക കോൺഗ്രസ് നേതാവ് വി എൻ ഉദയകുമാർ തന്റെ ഫേസ്ബുക്ക് പേജിലൂടെ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് രംഗത്തെത്തി. കെപിസിസി ജംബോ പട്ടികക്കെതിരെ ഉദയകുമാർ കോടതിയെ സമീപിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് കോൺഗ്രസ് ഭരണഘടനാ അനുസൃതമായി നടത്തണം. നിലവിൽ നടന്നത് അങ്ങനെയല്ല എന്ന് കാട്ടിയാണ് ഉദയകുമാർ കെ.പി.സി.സി അധ്യക്ഷനെതിരെ പരാതി നൽകിയത്..
പട്ടിക എ.ഐ.സി.സി നേതൃത്വത്തിന്റെ തീരുമാന പ്രകാരമാണ് വരുന്നതെന്ന് കെപിസിസി അധ്യക്ഷൻ മറുപടി നൽകിയതോടെ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ കക്ഷി ചേർക്കേണ്ടി വന്നു. ഫെബ്രുവരി 25ന് സോണിയ ഗാന്ധിയോട് തിരുവനന്തപുരം മുൻസിഫ് കോടതിയിൽ ഹാജരാകാൻ കോടതി നിർദേശിച്ചു. ഒരു മാസം മുമ്പ് കെ.വി തോമസിനെയും സി.കെ ശ്രീധരനെയും കെ.പി.സി.സി വൈസ് പ്രസിഡന്റുമാരാക്കിയതിനെയും ഉദയകുമാർചോദ്യം ചെയ്തു. അതിലും രക്ഷയില്ലെന്ന് കണ്ട് വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ സീറ്റ് കച്ചവടമെന്നും ആരോപിച്ചു ഉദയകുമാർ. തുടർന്നാണ് നേതാക്കൾ ഇടപെട്ട് അനുനയ നീക്കങ്ങൾ നടത്തിയത്. ബൂത്ത് ഭാരവാഹി പോലും ആയിട്ടില്ലാത്ത വി.എൻ ഉദയകുമാർ കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു.
Story Highlights- congress, v n udayakumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here