മരക്കാറിന് മൂന്ന്; ഹെലന് രണ്ട്: ദേശീയ സിനിമാ പുരസ്കാരത്തിൽ നേട്ടമുണ്ടാക്കി മലയാളം

67ആമത് ദേശീയ സിനിമാ പുരസ്കാരത്തിൽ മലയാളത്തിന് നേട്ടം. വിവിധ വിഭാഗങ്ങളിലായി ഒൻപതോളം പുരസ്കാരങ്ങളാണ് മലയാളം സ്വന്തമാക്കിയത്. മികച്ച സിനിമ, മികച്ച ഛായാഗ്രാഹകൻ, മികച്ച പുതുമുഖ സംവിധായകൻ എന്നിങ്ങനെ പ്രധാനപ്പെട്ട പല പുരസ്കാരങ്ങളും മലയാളം സ്വന്തമാക്കി.
പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘മരക്കാർ അറബിക്കടലിൻ്റെ സിംഹം’ എന്ന സിനിമയ്ക്ക് മൂന്ന് പുരസ്കാരങ്ങളാണ് ലഭിച്ചത്. മികച്ച സിനിമ, മികച്ച മികച്ച വസ്ത്രാലങ്കാരം, സ്പെഷ്യൽ എഫക്ട് എന്നീ പുരസ്കാരങ്ങളാണ് മോഹൻലാൽ ചിത്രം സ്വന്തമാക്കിയത്. സുജിത്ത് സുധാകരൻ, വി സായ് എന്നിവർ ചേർന്നാണ് മരക്കാറിൽ വസ്ത്രാലങ്കാരം നടത്തിയത്. കാർത്തിക് ഗുരുനാഥൻ്റെ കീഴിലുള്ള സംഘമാണ് ചിത്രത്തിൻ്റെ സ്പെഷ്യൽ എഫക്ട്.
Read Also : മികച്ച നടനായി ധനുഷും മനോജ് ബാജ്‌പേയും; കങ്കണ മികച്ച നടി; വിജയ് സേതുപതിക്കും പുരസ്‌കാരം
നവാഗതനായ മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ഹെലന് രണ്ട് പുരസ്കാരങ്ങളുണ്ട്. മികച്ച പുതുമുഖ സംവിധായകൻ, മികച്ച മേക്കപ്പ് എന്നീ പുരസ്കാരങ്ങളാണ് ഇവ. രഞ്ജിത് അമ്പാടിയാണ് ചിത്രത്തിൻ്റെ മേക്കപ്പ് നിർവഹിച്ചിരിക്കുന്നത്.
മികച്ച ഗാനരചനയ്ക്കുള്ള പുരസ്കാരം പ്രഭാവർമ്മയ്ക്ക് ലഭിച്ചു. കോളാമ്പി എന്ന ചിത്രത്തിലെ ആരോടും പറയുക വയ്യ എന്ന പാട്ടിനാണ് പുരസ്കാരം. ബിരിയാണി എന്ന ചിത്രത്തിന് ജൂറി പ്രത്യേക പരാമർശം ലഭിച്ചു. സജിൻ ബാബു ആണ് സംവിധായകൻ. ജല്ലിക്കട്ട് എന്ന ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്ത ഗിരീഷ് ഗംഗാധരനാണ് മികച്ച ഛായാഗ്രാഹകൻ.
നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച കുടുംബ ചിത്രം ആയി ഒരു പാതിരാസ്വപ്നം പോലെ എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. ശരൺ വേണുഗോപാലാണ് സംവിധാനം.
Story Highlights- malayalam cinemas shine in national film awards
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here