പാവങ്ങളുടെ പടത്തലവൻ എകെജി ഓർമയായിട്ട് 44 വർഷം

today marks akg 44 death anniversary

പാവങ്ങളുടെ പടത്തലവനായിരുന്ന എ.കെ.ഗോപാലൻ ഓർമയായിട്ട് 44 വർഷം. ചൂഷിത ജനവിഭാഗങ്ങളുടെ മോചനത്തിലൂടെ മാത്രമെ യഥാർത്ഥ രാഷ്ട്രീയ സ്വാതന്ത്ര്യം നേടാനാകൂവെന്ന് വിശ്വസിച്ച നേതാവായിരുന്നു എകെജി. സമരം തന്നെ ജീവിതമാക്കി മാറ്റി അദ്ദേഹം.

കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ചു മുഖ്യധാരയിലേക്ക് കൊണ്ടുവന്നതാണ് ആയില്യത്ത് കുട്ട്യാരി ഗോപാലൻ എന്ന എ.കെ.ഗോപാലന്റെ ഏറ്റവും വലിയ സംഭാവന. തൊഴിലാളി സമരങ്ങൾക്കൊപ്പം അയിത്തത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരായ പോരാട്ടങ്ങളുടെയും മുന്നണിപ്പോരാളിയുമായിരുന്നു എകെജി.

ഗുരുവായൂർ സത്യാഗ്രഹം കൂടാതെ പാലിയം സമരവും കണ്ണൂരിലെ കണ്ടോത്ത് ദളിതർക്ക് വഴി നടക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള സമരവും എ.കെ.ഗോപാലന്റെ സമര ജീവിതത്തിലെ തിളക്കമേറിയ ഏടുകളാണ്. ഇന്ത്യയിലാകമാനം കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കാൻ എകെജി ഭഗീരഥപ്രയത്‌നം നടത്തി.

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് പൊതുരംഗത്ത് സജീവമായ എ.കെ.ജി നിയമലംഘന സമരം അടക്കമുള്ളവയുടെ മുൻനിരയിലുണ്ടായിരുന്നു. കെപിസിസി അധ്യക്ഷ പദവിയിൽ നിന്നും എകെജി കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലേക്കും തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കും ചുവടുമാറ്റി. ഫറൂക്ക് ഓട്ടുതൊഴിലാളി സമരം, തലശ്ശേരിയിലെ ബീഡി തൊഴിലാളി സമരം, കണ്ണൂർ കോട്ടൺമില്ലിലെ സമരം, നെയ്ത്ത് തൊഴിലാളി സമരം, അമരാവതിയിലെ സമരം, കൊട്ടിയൂരിലേയും കീരിത്തോട്ടത്തിലേയും കുടിയിറക്കലിനെതിരെ നടന്ന സമരം തുടങ്ങി എവിടെയും ചൂഷിതർക്കൊപ്പം എകെജിയുണ്ടായിരുന്നു.

1936ൽ ദാരിദ്രത്തിനും കഷ്ടപ്പാടിനുമെതിരെ എകെജിയുടെ നേതൃത്വത്തിൽ മലബാർ മുതൽ മദിരാശി വരെ സംഘടിപ്പിക്കപ്പെട്ട പട്ടിണി ജാഥ ചരിത്രത്തിന്റെ ഭാഗമാണ്. രാജ്യം സ്വാതന്ത്ര്യം നേടുമ്പോൾ ജയിലിലായിരുന്ന എകെജി സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പ്രതിപക്ഷ നേതാവായി. തുടർച്ചയായി അഞ്ച് തവണ ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട എകെജി 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി പി ഐ എമ്മിനൊപ്പമായിരുന്നു.

അടിയന്തരാവസ്ഥയെ ശക്തമായി എതിർത്തതിന്റെ പേരിൽ ചൈന ചാരനെന്ന് ആരോപിച്ച് എ.കെ.ജിയെ ജയിലിലടച്ചു. ഇന്ത്യയിൽ കരുതൽ തടങ്കലിലായ ആദ്യ രാഷ്ട്രീയ നേതാവാണ് എ.കെ.ജി. രാജ്യത്തിന് തന്നെ മാതൃകയായ സഹകരണ പ്രസ്ഥാനങ്ങൾക്ക് അമരക്കാരനായതും എ.കെ.ജി തന്നെ. 1940ൽ ആരംഭിച്ച ഇന്ത്യൻകോഫി ഹൗസ് തൊഴിലാളി വർഗത്തിന് എകെജിയുടെ വിലമതിക്കാനാവാത്ത സംഭാവനയാണ്.

സമരം തന്നെ ജീവിതമാക്കി മാറ്റുകയും ആ ജീവിതം തൊഴിലാളിവർഗത്തിന് സമർപ്പിക്കുകയും ചെയ്ത എ.കെ.ഗോപാലൻ 1977 മാർച്ച് 22ന് ഈ ലോകത്തോട് വിട പറഞ്ഞപ്പോൾ അത് അടിച്ചമർത്തപ്പെട്ടവർക്കും അരികുചേർക്കപ്പെട്ടവർക്കും നികാത്താനാവാത്ത നഷ്ടമായി.

Story Highlights- today marks akg 44 death anniversary

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top