ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം

India England ODI today

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. ആദ്യ ഏകദിനം ഇന്ന് പൂനെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കും. ഉച്ച കഴിഞ്ഞ് 1.30നാണ് മത്സരം. ടെസ്റ്റ് പരമ്പരയും ടി-20 പരമ്പരയും നഷ്ടമായതോടെ ഈ പരമ്പരയെങ്കിലും വിജയിക്കുക എന്ന ലക്ഷ്യത്തോടെയാവും ഇംഗ്ലണ്ട് ഇറങ്ങുക. അതേസമയം, ഏകദിന പരമ്പര കൂടി സ്വന്തമാക്കി ഒരു തൂത്തുവാരലാണ് ഇന്ത്യയുടെ ലക്ഷ്യം.

രോഹിത് ശർമ്മയും ശിഖർ ധവാനും ചേർന്നാവും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക എന്ന് ക്യാപ്റ്റൻ വിരാട് കോലി അറിയിച്ചു. അതുകൊണ്ട് തന്നെ ലോകേഷ് രാഹുൽ കളിക്കുമോ ഇല്ലയോ എന്നത് കണ്ടറിയേണ്ടതാണ്. സൂര്യകുമാർ യാദവ്, ലോകേഷ് രാഹുൽ, ആറാം ബൗളിംഗ് ഓപ്ഷൻ എന്നിവർ തമ്മിലാവും ആറാം സ്ഥാനത്തിനു വേണ്ടിയുള്ള പോര്. ആറാം ബൗളിംഗ് ഓപ്ഷൻ പരിഗണിച്ചാൽ കൃണാൽ പാണ്ഡ്യയോ വാഷിംഗ്‌ടൺ സുന്ദറോ ടീമിലെത്തും. അഞ്ച് ബൗളർമാരുമായി ഇറങ്ങിയാൽ സൂര്യകുമാറോ രാഹുലോ കളിക്കും. സാധ്യത രാഹുലിനു തന്നെയാവും.

ഋഷഭ് പന്തും ഭുവനേശ്വർ കുമാറും ടീമിൽ ഉറപ്പാണ്. മുഹമ്മദ് സിറാജ്, ശർദ്ദുൽ താക്കൂർ, ടി നടരാജൻ എന്നീ മൂന്ന് പേരിൽ നിന്ന് രണ്ടു പേർ കളിക്കും. പ്രസിദ്ധ് കൃഷ്ണയ്ക്ക് ഇടം ലഭിച്ചേക്കില്ല.

ജോ റൂട്ടും ജോഫ്ര ആർച്ചറും ഇല്ലാത്തത് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണ്. ജോസ് ബട്‌ലർ, ജേസൻ റോയ്, ജോണി ബെയർസ്റ്റോ, മൊയീൻ അലി, മാർക്ക് വുഡ്, ആദിൽ റഷീദ്, ബെൻ സ്റ്റോക്സ് എന്നിവർ ഫൈനൽ ഇലവനിൽ ഉറപ്പാണ്. മൂന്നാം നമ്പറിൽ റൂട്ടിനു പകരം സ്റ്റോക്സിനെ ഇറക്കി ബാറ്റിംഗ് കരുത്ത് ചോരാതെ കാക്കുകയാവും ഇംഗ്ലണ്ടിൻ്റെ ലക്ഷ്യം. ലിയാം ലിവിങ്സ്റ്റൺ, സാം ബില്ലിങ്സ് എന്നിവരിൽ ആരെങ്കിലും റൂട്ടിനു പകരം ഇറങ്ങും. ആർച്ചർ പുറത്തായ സാഹചര്യത്തിൽ റീസെ ടോപ്‌ലെ ടീമിലെത്താനാണ് സാധ്യത.

Story Highlights- India England ODI series starts today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top