മോർഗനും ബില്ലിംഗ്സും അടുത്ത ഏകദിന മത്സരത്തിൽ കളിച്ചേക്കില്ലെന്ന് സൂചന

ഇന്ത്യക്ക് പിന്നാലെ ഇംഗ്ലണ്ട് ക്യാമ്പിലും പരുക്ക് ഭീഷണി. പരുക്കിനെ തുടർന്ന് ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗനും ഓൾറൗണ്ടർ സാം ബില്ലിംഗ്സും അടുത്ത മത്സരത്തിൽ കളിച്ചേക്കില്ല എന്നാണ് സൂചന. ഇരുവർക്കും ആദ്യ ഏകദിനത്തിൽ പരുക്കേറ്റിരുന്നു. ഇന്ത്യൻ ടീമിൽ ബാറ്റ്സ്മാൻ ശ്രേയാസ് അയ്യറും പരുക്കിനെ തുടർന്ന് പുറത്തായിരുന്നു. അയ്യർക്ക് അടുത്ത രണ്ട് മത്സരങ്ങളും ഐപിഎലിലെ ആദ്യ ചില മത്സരങ്ങളും നഷ്ടമാകും.
മോർഗൻ്റെ പെരുവിരലിനും ചൂണ്ടുവിരലിനും ഇടയിൽ മുറിഞ്ഞ് നാല് സ്റ്റിച്ചുകളാണ് വേണ്ടിവന്നത്. ബൗണ്ടറി ലൈനിൽ പന്ത് തടയാൻ ശ്രമിക്കുന്നതിനിടെ ബില്ലിംഗ്സിൻ്റെ തോളെല്ലിനാണ് പരുക്കു പറ്റിയത്. ഫീൽഡ് ചെയ്യുന്നതിനിടെ പരുക്കേറ്റു എങ്കിലും ഇരുവരും ബാറ്റിംഗിനിറങ്ങിയിരുന്നു. എന്നാൽ, ഇവർ മാച്ച് ഫിറ്റല്ല എന്നാണ് റിപ്പോർട്ട്. 48 മണിക്കൂറിനു ശേഷമേ തങ്ങളുടെ ഫിറ്റ്നസിനെപ്പറ്റി എന്തെങ്കിലും പറയാൻ കഴിയൂ എന്ന് മോർഗൻ വെളിപ്പെടുത്തിയിരുന്നു.
ആദ്യ ഏകദിനത്തിൽ ഇന്ത്യ 66 റൺസിനാണ് ഇംഗ്ലണ്ടിനെ കീഴ്പ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 317 റൺസ് എടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 42.1 ഓവറിൽ 251 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു.
Story Highlights- Eoin Morgan, Sam Billings doubtful for second ODI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here