ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് പരമ്പര പുനരാരംഭിച്ചേക്കും; ഈ വർഷം തന്നെ പരമ്പരക്ക് സാധ്യതയെന്ന് റിപ്പോർട്ട്

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ഒരു പാകിസ്താൻ ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഈ വർഷം തന്നെ ഇരു ടീമുകളും ഏറ്റുമുട്ടിയേക്കുമെന്നാണ് റിപ്പോർട്ട്. 3 മത്സരങ്ങൾ അടങ്ങിയ ടി-20 പരമ്പര ആയിരിക്കും നടക്കുക. 2013ലാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അവസാന ഉഭയകക്ഷി പരമ്പര നടന്നത്.
പാക് ദിനപത്രമായ ‘ജാംഗി’ലാണ് ഇങ്ങനെ റിപ്പോർട്ട് വന്നത്. ഇരു രാജ്യങ്ങളും തമ്മിൽ 6 ദിവസം നീളുന്ന, മൂന്ന് ടി-20കൾ അടങ്ങിയ പരമ്പര കളിച്ചേക്കുമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. തയ്യാറായിരിക്കാൻ പിസിബിയോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ബിസിസിഐയുമായി ചർച്ചകൾ നടന്നിട്ടില്ലെങ്കിലും ഈ വർഷാവസാനം ഇരു രാജ്യങ്ങളും തമ്മിൽ പരമ്പര കളിക്കാൻ സാധ്യതയുണ്ടെന്നും പിസിബിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ഈ പരമ്പര നടന്നാൽ, ഇന്ത്യ പാകിസ്താനിൽ പര്യടനം നടത്തും. അവസാനം പാകിസ്താൻ ഇന്ത്യയിൽ പര്യടനം നടത്തുകയായിരുന്നു.
ഇന്ത്യയും പാകിസ്താനും തമ്മിൽ ഗാന്ധി-ജിന്ന ക്രിക്കറ്റ് പരമ്പര നടത്തണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു എന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മുൻ ചെയർമാൻ സക അഷ്റഫ് പറഞ്ഞിരുന്നു. താൻ പിസിബി ചെയർമാൻ ആയിരുന്ന സമയത്ത് ബിസിസിഐക്ക് മുന്നിൽ ഇങ്ങനെ ഒരു നിർദ്ദേശം വച്ചിരുന്നു എന്നും ബിസിസിഐ അത് തള്ളി എന്നും അദ്ദേഹം പറഞ്ഞു. അതിനു കാരണം നരേന്ദ്രമോദി സർക്കാർ ആണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights- India and Pakistan could resume bilateral series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here