‘വെറുപ്പില്‍ നിന്നും ഇഷ്ടത്തിലേക്ക്, ഇന്ന് ഏറ്റവും ഇഷ്ടപ്പെടുന്ന നടന്‍’; മോഹന്‍ലാലിനെക്കുറിച്ച് ഉള്ളുതൊടുന്ന വാക്കുകളുമായി സുചിത്ര

Heart touching words by Suchitra Mohanlal

ബറോസ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച മോഹന്‍ലാലിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ബറോസിന്റെ ചിത്രീകരണത്തിന് ഇന്നലെ മുതല്‍ തുടക്കം കുറിച്ചു. നിരവധിപ്പേര്‍ പങ്കെടുക്കുകയും ചെയ്തു പൂജാ ചടങ്ങില്‍. ശ്രദ്ധ നേടുകയാണ് ചടങ്ങിനിടെ മോഹന്‍ലാലിനെക്കുറിച്ച് സംസാരിച്ച ഭാര്യ സുചിത്രയുടെ വാക്കുകള്‍.

സാധാരണ പൊതുവേദികളില്‍ അധികം സംസാരിക്കാത്ത ആളാണ് സുചിത്ര. എന്നാല്‍ സംവിധാന രംഗത്തേക്കുള്ള മോഹന്‍ലാലിന്റെ ആദ്യ ചുവടുവയ്പ്പിന് സാക്ഷിയായി സുചിത്രയും എത്തി. ഉള്ളുതൊടുന്ന വാക്കുകളാണ് താരത്തെക്കുറിച്ച് സുചിത്ര വേദിയില്‍ പങ്കുവെച്ചതും.

ചടങ്ങില്‍ സംസാരിക്കുമോ എന്ന് ആന്റണി ചോദിച്ചപ്പോള്‍ ആദ്യം ‘പ്ലീസ് വിളിക്കല്ലേ’ എന്നായിരുന്നു സുചിത്ര നല്‍കിയ മറുപടി. പിന്നെയാണ് സംസാരിക്കാന്‍ തയാറായതും. ‘സാധാരണ എപ്പോഴും ഞാന്‍ ബാക്ക് സീറ്റില്‍ മാറിയിരിക്കാറായിരുന്നു പതിവ്. എന്നാല്‍ അപ്പുവിന്റെ (പ്രണവ് മോഹന്‍ലാല്‍) ആദ്യ ചിത്രവുമായി ബന്ധപ്പെട്ട് ഒരു വേദിയില്‍ സംസാരിച്ചിരുന്നു. ചേട്ടന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിലൊന്നാണ് ഈ നിമിഷം. അതുകൊണ്ടാണ് സംസാരിക്കാന്‍ തീരുമാനിച്ചത്’ സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു.

‘നവോദയയുടെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. ആ കഥാപാത്രത്തെ എനിക്ക് വെറുപ്പായിരുന്നു. വില്ലനായി അഭിനയിച്ച എല്ലാ ചിത്രങ്ങളിലും അദ്ദേഹത്തോട് വെറുപ്പായിരുന്നു. ചെയ്യുന്ന ജോലിയിലെ മികവ് തെളിയിക്കുന്നതാണ് അതൊക്ക. നവോദയയുടെ തന്നെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലാണ് അദ്ദേഹത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ആ ഇഷ്ടം അവസാനിച്ചില്ല. ഞങ്ങള്‍ വിവാഹിതരായി. ഇന്ന് ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടനും അദ്ദേഹമാണ്.’ സുചിത്ര കൂട്ടിച്ചേര്‍ത്തു.

അതേസമയം 2019-ലാണ് ബറോസ് എന്ന ചിത്രത്തെക്കുറിച്ച് മോഹന്‍ലാലിന്റെ ഔദ്യോഗിക പ്രഖ്യാപനം. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന്‍ ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ബറോസ് ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Heart touching words by Suchitra Mohanlal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top