വനിതകളുടെ ആഭ്യന്തര ടി-20 ടൂർണമെന്റുമായി കെസിഎ; മത്സരങ്ങൾ ഈ മാസം 27 മുതൽ

പുരുഷന്മാർക്ക് പിന്നാലെ വനിതകളുടെ ആഭ്യന്തര ടി-20 ടൂർണമെൻ്റുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. കെസിഎ പിങ്ക് ടി-20 ചലഞ്ചേഴ്സ് എന്ന പേരിലാണ് ടൂർണമെൻ്റ് നടക്കുക. മാർച്ച് 27ന് ടൂർണമെൻ്റ് ആരംഭിക്കും. ഏപ്രിൽ 8നാണ് ഫൈനൽ. പുരുഷന്മാരുടെ പ്രസിഡൻ്റ്സ് ടി-20 കപ്പ് കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്.
പുരുഷന്മാരുടെ മത്സരം നടന്ന ആലപ്പുഴ എസ്ഡി കോളജ് ഗ്രൗണ്ടിൽ തന്നെയാണ് വനിതകളുടെ ടി-20 പരമ്പരയും നടക്കുക. അഞ്ച് ടീമുകളാണ് ടൂർണമെൻ്റിൽ പങ്കെടുക്കുന്നത്. കെസിഎ സഫയർ, കെസിഎ പേൾ, കെസിഎ എമറാൾഡ്, കെസിഎ റൂബി, കെസിഎ ആംബർ എന്നിങ്ങനെയാണ് ടീമുകളുടെ പേരുകൾ. ഒരു ടീമിൽ 16 താരങ്ങൾ വീതം ഉണ്ടാവും. ടൂർണമെൻ്റ് പ്രമുഖ സ്പോർട്സ് സ്ട്രീമിങ് ആപ്പായ ഫാൻ കോഡിൽ തത്സമയം കാണാൻ സാധിക്കും എന്ന് കെസിഎ സെക്രട്ടറി ശ്രീജിത്ത് നായർ 24നോട് പറഞ്ഞു.
പ്രസിഡൻ്റ്സ് ടി-20 കപ്പിൽ കെസിഎ റോയൽസ് ആണ് ചാമ്പ്യന്മാരായത്. ഈഗിൾസിനെ 6 വിക്കറ്റിനു തോല്പിച്ചാണ് റോയൽസ് പ്രഥമ കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത ഈഗിൾസ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 142 റൺസ് എടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ റോയൽസ് 18 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 55 പന്തിൽ 81 റൺസ് നേടി പുറത്താവാതെ നിന്ന കൃഷ്ണപ്രസാദ് ആണ് റോയൽസിന് അനായാസ ജയം ഒരുക്കിയത്.
Story Highlights- kca womens t20 tournament
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here