ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനു മുൻപ് ‘സോഫ്റ്റ് സിഗ്നൽ’ നിയമം പുനപരിശോക്കും

വിവാദമായ സോഫ്റ്റ് സിഗ്നൽ നിയമം പുനപരിശോധിക്കാനൊരുങ്ങി ഐസിസി. ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനു മുൻപ് തന്നെ സോഫ്റ്റ് സിഗ്നൽ നിയമം പുനപരിശോധിക്കാനാണ് ഐസിസിയുടെ നീക്കം. കഴിഞ്ഞ ഏതാനും നാളുകളായി സോഫ്റ്റ് സിഗ്നലിൻ്റെ പേരിൽ വിവാദങ്ങൾ പതിവാണ്. ഇന്ത്യ-ഇംഗ്ലണ്ട് ടി-20 മത്സരത്തിൽ സൂര്യകുമാർ പുറത്തായ സംഭവത്തിലെ സോഫ്റ്റ് സിഗ്നൽ തീരുമാനത്തോടെ ഈ വിവാദം കൊഴുത്തു. ഇതിനു പിന്നാലെയാണ് ഐസിസിയുടെ നീക്കം.
വ്യാഴാഴ്ച നടന്ന ബോർഡ് മീറ്റിംഗിൽ ബിസിസിഐ സെക്രട്ടറി ജയ് ഷാ സോഫ്റ്റ് സിഗ്നലിലെപ്പറ്റിയുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. അദ്ദേഹത്തിനെ പലരും പിന്തുണക്കുകയും ചെയ്തു. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനു മുൻപ് നിയമത്തിൽ മാറ്റം വരുത്തുമെന്നാണ് സൂചന.
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി-20യിൽ സൂര്യകുമാർ യാദവ് പുറത്തായതുമായി ബന്ധപ്പെട്ടാണ് വിവാദം ഉണ്ടായത്. സാം കറൻ എറിഞ്ഞ പന്തിൽ താരത്തെ ഡേവിഡ് മലൻ പിടികൂടുകയായിരുന്നു. ക്യാച്ച് എടുക്കുന്നതിനിടെ പന്ത് നിലത്ത് സ്പർശിച്ചോ എന്നതായിരുന്നു ചോദ്യം. പന്ത് നിലത്തുതട്ടി എന്നത് ഏറെക്കുറെ വ്യക്തമായിരുന്നു എങ്കിലും ഓൺഫീൽഡ് അമ്പയർ ഔട്ട് എന്ന് വിധിച്ചതിനാൽ തേർഡ് അമ്പയറും ക്യാച്ച് ക്ലീൻ ആണെന്ന് വിധി എഴുതുകയായിരുന്നു.
തുടർന്ന് വിവിഎസ് ലക്ഷ്മൺ, വീരേന്ദർ സെവാഗ്, സഞ്ജയ് മഞ്ജരേക്കർ, ആകാശ് ചോപ്ര തുടങ്ങിയ താരങ്ങൾ വിമർശനവുമായി രംഗത്തെത്തി. ഓൺഫീൽഡ് അമ്പയർമാരുടെ സോഫ്റ്റ് സിഗ്നൽ നിയമത്തെയും ഇവർ വിമർശിച്ചു. മത്സരത്തിനു ശേഷം ഇന്ത്യൻ നായകൻ വിരാട് കോലിയും സോഫ്റ്റ് സിഗ്നലിനെതിരെ രംഗത്തെത്തിയിരുന്നു.
Story Highlights- ICC set to amend ‘soft signal’ rule before the WTC final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here